മണ്ണുത്തി: ഒഴിപ്പിക്കാനുള്ള കോടതി വിധികൾ നിലനിൽക്കുമ്പോഴും കനാൽ ബണ്ടിൽ കൈയേറ്റക്കാർ തുടരുന്നു. ഇവരെ ഒഴിപ്പിക്കാൻ ഇറിഗേഷൻ വകുപ്പും മറ്റ് അധികൃതരും ഒരു നടപടിയുമെടുക്കുന്നില്ലെന്നാണ് ആക്ഷേപം. പീച്ചി വലതുകര മെയിൻ കനാലിന്റെ പാണഞ്ചേരി , മാടക്കത്തറ പഞ്ചായത്ത് പ്രദേശങ്ങളാണ് വ്യാപകമായ കൈയേറ്റം. കനാൽ ബണ്ടിലെ കൈയേറ്റക്കാർ ബണ്ട് രൂപമാറ്റം വരുത്തുകയും കനാലിൽ മാലിന്യം നിക്ഷേപിച്ച് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഓരേ വർഷവും കനാൽ ശുചീകരിക്കാൻ വലിയൊരു സംഖ്യയും ചെലവാക്കുന്നുണ്ട്. കനാൽ ബണ്ടിന്റെ ഇടതു വശത്ത് വീട് നിർമ്മാണവും വലതു വശത്ത് തെങ്ങ് ഉൾപടെയുള്ള കൃഷിയുമാണ് ചെയ്യുന്നത്.
മാടക്കത്തറ പഞ്ചായത്ത് കനാൽ ബണ്ടിൽ കൈയേറി നിർമ്മിക്കുന്ന വീടുകൾക്ക് അധികൃതർ നമ്പർ നൽകുകയും വൈദ്യുതി കണക്ഷൻ, കുടിവെള്ള കണക്ഷൻ തുടങ്ങിയവ ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. കനാൽ ബണ്ട് റോഡാക്കി ടാർ ചെയ്തും നൽകി. പാണ്ടിപറമ്പിൽ കൈയേറ്റകാരിൽ പ്രധാനി നിർമ്മിക്കുന്ന വീടുകൾ ഓരോന്നായി വിൽപ്പന നടത്തി അതിനടുത്ത് മറ്റൊരു വീട് നിർമ്മിക്കുന്നതായി ആരോപണമുണ്ട്. ഈ വീടുകൾക്ക് വിട്ടു നമ്പരുകളും നൽകുന്നുണ്ട്. പാണഞ്ചേരി പഞ്ചായത്തിലും കനാൽ കൈയേറ്റക്കാർ കീഴടക്കിയിരിക്കുകയാണ്.


നോട്ടീസിനെതിരെ കൈയേറ്റക്കാരുടെ ഹർജി

കനാൽ ബണ്ട് കൈയേറിയവർ പതിനഞ്ച് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് 1995 നവംബർ 28 ന് പീച്ചി പ്രോജക്റ്റ് സെക്ഷൻ അസി.എൻജിനീയർ നോട്ടീസ് നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കൈയേറ്റക്കാരിൽ എട്ടു പേർ ചേർന്ന് കോടതിയെ സമീപിച്ചു. കേരള സർക്കാരിനെയും പീച്ചി പ്രോജക്റ്റ് അസി. എൻജിനീയറെയും പ്രതി ചേർത്ത് നൽകിയ ഹർജി തൃശൂർ മുൻസിഫ് കോടതി തള്ളിയിരുന്നു.


വയോധിക ഹൈക്കോടതിയിൽ

കനാൽ ബണ്ടിലെ കൈയേറ്റക്കാരുടെ ശല്യം മൂലം പാണഞ്ചേരി പഞ്ചായത്തിൽ കനാലിനോട് ചേർന്ന സ്ഥലം ഉടമയായ വയോധിക ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി തീർപ്പാക്കി ജസ്റ്റിക് ദേവൻ രാമചന്ദ്രൻ 2022 ഫെബ്രുവരി 21 ന് കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടു. ഉത്തരവ് നടപ്പിലാക്കാൻ ശ്രമം ആരംഭിച്ചെങ്കിലും കൈയേറ്റക്കാർ പുനരധിവസിപ്പിക്കണമെന്നാവശ്യപെട്ട് കോടതിയെ സമീപിച്ചു.തുടർന്ന് ഒഴിപ്പിക്കൽ നിറുത്തിവെക്കാൻ കോടതി നിർദ്ദേശിച്ചു.

പുനരധിവസം അകലെ


കൈയേറ്റക്കാർ പുനരധിവസിപ്പിക്കണമെന്നാവശ്യപെട്ട് കോടതിയെ സമീപിച്ചതിനെ തുടർന്ന് കളക്ടറേറ്റിൽ യോഗം ചേർന്നു. ഇറിഗേഷൻ വകുപ്പിന്റെ കൈവശത്തിൽ പുനരധിവാസത്തിന് യോജിച്ച ഭൂമിയുണ്ടെങ്കിൽ കണ്ടെത്താനും പതിച്ചു നൽകാനും തീരുമാനിച്ചു. ഇറിഗേഷൻ വകുപ്പിന്റെ കൈവശത്തിരിക്കുന്ന ഭൂമി പതിച്ചു നൽകാനുള്ള നടപടികൾക്ക് കളക്ടറുടെ അനുമതി തേടിയിട്ടുണ്ടെങ്കിലും നടപടി ആയിട്ടില്ല.


കെ.എസ്.ഇ.ബിയുടെ
ഹർജിയിലും ഉത്തരവ്

മാടക്കത്തറ 400 കെ.വി. സബ്‌സ്‌റ്റേഷന്റെ അതിർത്ഥിയിലൂടെയുള്ള കനാൽ ബണ്ടിലെ കൈയേറ്റക്കാരുടെ ശല്യം മൂലം കെ.എസ്.ഇ.ബി നൽകിയ ഹർജിയിലും കയ്യേറ്റം ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.