പുതുക്കാട് : കുറുമാലി പുഴയിൽ വരന്തരപ്പിള്ളി - മറ്റത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമ്മിച്ച റെഗുലേറ്റർ കം ബ്രിഡ്ജിന്റെയും റോഡിന്റെയും നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനും കാലാവധി അറിയിക്കാനും ഹൈക്കോടതിയുടെ നിർദ്ദേശം. ഇക്കാര്യം അടുത്ത കേസ് പരിഗണിക്കുന്ന 18ന് സത്യവാങ് മൂലം നൽകാനും ചീഫ് ജസ്റ്റിസ് നിവിൻ ജംധാർ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 13.9 കോടിയുടെ ഭരണാനുമതി വേണമെന്നും നിർമ്മാണം പൂർത്തിയാക്കാൻ 22 മാസത്തെ കാലയളവ് വേണമെന്നുമുള്ള മറുപടിയാണ് ആദ്യം ചീഫ് എൻജിനീയർ നൽകിയത്. മറുപടി പരിശോധിച്ച കോടതി ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് വേഗത്തിൽ നടപടി ആവശ്യപെട്ടു. റെഗുലേറ്റർ കം ബ്രിഡ്ജിനോട് അനുബന്ധിച്ച് റോഡിൽ വലിയ കുഴി രൂപപെട്ടിരുന്നു. കുഴി മാറ്റി റോഡ് വാഹന ഗതാഗതത്തിന് യോഗ്യമാക്കണമെന്നാവശ്യപെട്ട് നന്തിപുലം സ്വദേശി ജോസഫ് ചെതലൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. നിർമ്മാണം പൂർത്തീകരിച്ചെങ്കിലും റെഗുലേറ്ററിന്റെ താഴെ പുഴയിൽ കോൺക്രീറ്റ് നടത്താതിരുന്നതിനാൽ വേനലിൽ വെള്ളം സംഭരിക്കാനായില്ല. അപ്രോച്ച് റോഡിലെ കുഴിയോടെ ഗതാഗതവും നിലച്ചു. വർഷാവർഷം താത്കാലിക ചിറ നിർമ്മിക്കുന്നത് ഒഴിവാക്കാനും വരന്തരപ്പിള്ളിയിലുള്ളവർക്ക് എളുപ്പത്തിൽ ദേശീയ പാത കൊടകരയിലെത്താനുമാണ് ബ്രിഡ്ജ് നിർമ്മിച്ചത്. പദ്ധതിയുടെ ആരംഭത്തിൽ അഞ്ച് കോടിയോളം ഖജനാവിന് നഷ്ടപെടുത്തി ഉയർന്ന നിരക്ക് ക്വാട്ട് ചെയ്ത കരാറുകാരന് നൽകിയ സംഭവം കേരള കൗമുദി പുറത്തു കൊണ്ടുവന്നിരുന്നു. പിന്നാലെ ഹൈക്കോടതിയിൽ കേസും വന്നിരുന്നു.
32 കിലോമീറ്റർ ലാഭിക്കാം
മലയോര ഹൈവേ യാഥാർത്ഥ്യമായാൽ ആറ്റപ്പിള്ളി റെഗുലേറ്റർ കം ബ്രിഡ്ജ് വഴി തിരിഞ്ഞാൽ പാലക്കാട്ടേക്കുള്ള ദൂരം 32 കിലോമീറ്റർ ലാഭിക്കാം. ഈ വഴിയിലൂടെ കൊടകര-വരന്തരപ്പിള്ളി-പാലപ്പിള്ളി വഴി തിരിഞ്ഞാണ് പോകുക.
നാൾ വഴികളിൽ റെഗുലേറ്റർ കം ബ്രിഡ്ജ്
1982 മാർച്ച് 18ന് റെഗുലേറ്റർ കം ബ്രിഡ്ജിന് ഉത്തരവ്
1490 ഹെക്ടർ കൃഷിഭൂമിക്ക് ജലസേചനത്തിന് പദ്ധതി
2008 ജൂൺ മാസം 24ന് പദ്ധതിയുടെ നിർമ്മാണത്തിന് തുടക്കം
നബാർഡിന്റെ 4.75 കോടിക്ക് അനുമതി
പണിതിട്ടും പണിതിട്ടും പണിതീരാത്ത ആറ്റപ്പിള്ളി പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ നടപടിയുണ്ടാകണമെന്ന ആഗ്രഹത്തിലാണ് കോടതിയെ സമീപിച്ചത്.
ജോസഫ് ചെതലൻ
സെക്രട്ടറി
ആറ്റപ്പിള്ളി റെഗുലേറ്റർ കം ബ്രിഡ്ജ് കമ്മിറ്റി.