deseeyapatha
1

കൊടുങ്ങല്ലൂർ : ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താത്തത് മൂലം ബൈപാസ് റോഡിൽ അപകടങ്ങളേറുന്നു. ശനിയാഴ്ച ബൈപാസിലെ വെള്ളം നിറഞ്ഞ കുഴിയിൽ ബൈക്ക് വീണ് യുവാവ് മരിച്ചതാണ് ഒടുവിലത്തെ അപകടം. കുഴിക്ക് സമീപം എന്തെങ്കിലും അപായ സൂചന ബോർഡ് സ്ഥാപിച്ചിരുന്നെങ്കിൽ യുവാവിന്റെ ജീവൻ നഷ്ടപ്പെടുമായിരുന്നില്ല. അഴീക്കോട് കുരിശിങ്കൽ ജോർജ് മകൻ നിഖിൽ (24) ആണ് മരിച്ചത്. സംഭവം നടന്ന് അടുത്ത ദിവസം രാവിലെ കുഴിക്ക് സമീപം റിബൺ കെട്ടി തിരിച്ചതാണ് ദേശീയപാത നിർമ്മാണ കരാറുകാരൻ ചെയ്ത നടപടി.
മൂന്നര കിലോമീറ്റർ ദൂരമുള്ള ബൈപാസ് റോഡ് കുണ്ടും കുഴിയും നിറഞ്ഞ് പാടെ തകർന്നതും വെള്ളം കെട്ടി നിൽക്കുന്നതും വേണ്ടത്ര ദിശാബോർഡുകൾ സ്ഥാപിക്കാത്തതും മൂലമാണ് അപകടവേദിയായി മാറുന്നത്. ദേശീയപാതയോരത്ത് കാനയ്ക്ക് വേണ്ടിയെടുത്ത കുഴികളിൽ മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കുകയും വഴിയാത്രക്കാരും ഇരുചക്ര വാഹനക്കാരും കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. കുഴിയെടുത്ത മണ്ണ് മഴയിൽ റോഡിൽ പരന്ന് ഒഴുകി ഇരുചക വാഹനങ്ങൾ ഇതിൽ കയറി തെന്നി മറിഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ബൈപാസ് റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കിയും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളേർപ്പെടുത്തിയും ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ കരാറുകാരനും ദേശീയപാത അതോറിറ്റിയും തയ്യാറാകണമെന്നാണ് ഉയരുന്ന ആവശ്യം.

അഞ്ച് മാസത്തിനിടെ അഞ്ച് അപകട മരണങ്ങൾ

ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് അഞ്ച് മാസത്തിനിടെ അഞ്ച് അപകട മരണങ്ങളാണുണ്ടായത്. സ്‌കൂട്ടർ യാത്രക്കാരനായ ഒരു റിട്ട. എസ്.ഐയും നാല് ഇരുചക്ര വാഹന യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ സെപ്തംബർ പത്തിന് കോട്ടപ്പുറം ബൈപാസിൽ ബൈക്കിൽ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ചിരുന്നു. അഞ്ചങ്ങാടി കൊണ്ടിയാറ അജിതൻ- ഷീജ ദമ്പതികളുടെ മകൻ അനജിൻ (19) ആണ് മരിച്ചത്. അധികം പേരും റോഡിൽ പരന്ന് കിടക്കുന്ന ചെളിയിൽ തെന്നി മറിഞ്ഞാണ് മരിച്ചത്. അപകടങ്ങളിൽ നിരവധി ഇരുചക്ര വാഹന യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്.

റോഡിന്റെ ദുരിതവസ്ഥയും അപകടാവസ്ഥയും ശ്രദ്ധയിൽപ്പെടുത്തുമ്പോൾ കരാർ കമ്പനി അധികൃതരും ഉദ്യോഗസ്ഥരും ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നത്. നിഖിലിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം.
- കെ.ആർ. ജൈത്രൻ
(സി.പി.എം ഏരിയ സെക്രട്ടറി)