sunil
f

തൃശൂർ: രഹസ്യസ്വഭാവമുള്ള രേഖയായതിനാൽ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് നൽകാനാവില്ലെന്ന് സർക്കാർ. സി.പി.ഐ നേതാവ് വി.എസ്.സുനിൽകുമാറിന്റെ വിവരാവകാശ അപേക്ഷയിലാണ് സർക്കാരിന്റെ മറുപടി. അതേസമയം, പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സർക്കാർ മൂന്നുതലത്തിൽ നടത്താൻ പോകുന്ന അന്വേഷണം സംബന്ധിച്ച ഉത്തരവിന്റെ കോപ്പി സുനിൽ കുമാറിന് നൽകി.

വിവരാവകാശ നിയമത്തിലെ സെക്ഷൻ 24/4 അനുസരിച്ച് രഹസ്യസ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പുറത്തു വിടാത്തതെന്നാണ് വിവരം. മുമ്പ് എ.ഡി.ജി.പിക്ക് എതിരായ അന്വേഷണരേഖ വിവരാവകാശ അപേക്ഷയിലൂടെ ആവശ്യപ്പെട്ടപ്പോഴും സമാനമായ നിലപാടാണ് സ്വീകരിച്ചത്.


'നിയമവശം

പരിശോധിക്കും'

വിവരാവകാശ നിയമത്തിൽ ഇത്തരം റിപ്പോർട്ട് പുറത്തുവിടുന്നതിന് എന്തെങ്കിലും തടസങ്ങളുണ്ടോയെന്ന നിയമവശം പരിശോധിച്ച് അപ്പീൽ നൽകുന്നകാര്യം ആലോചിക്കുമെന്ന് വി.എസ്.സുനിൽ കുമാർ പറഞ്ഞു. രഹസ്യസ്വഭാവമുള്ള കാര്യങ്ങളുണ്ടെങ്കിൽ ആഭ്യന്തര വകുപ്പ് അതു മറച്ചുവയ്ക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ പൂരം അലങ്കോലപ്പെട്ടതിന്റെ പിന്നിലുള്ള ഗൂഢാലോചന പുറത്തുവരണം. അതുമായി ബന്ധപ്പെട്ട ഒരന്വേഷണം നടത്തിക്കഴിഞ്ഞാൽ ജനങ്ങളെ അറിയിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി കള്ളപ്രചാരണം നടക്കുന്നുണ്ട്.