1

തൃശൂർ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിനായി സർക്കാർ സബ്‌സിഡി അനുവദിച്ച് നൽകുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ഗൃഹശ്രീ ഭവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അനുമതി പത്രവിതരണവും മന്ത്രി കെ. രാജൻ നിർവഹിച്ചു.

ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെടാത്ത ഭവനരഹിതരായവർക്ക് കൂടി ഒരു ഭവന നിർമ്മാണ പദ്ധതിയും സംസ്‌കാരവും ഉണ്ടാക്കാനുള്ള ലക്ഷ്യത്തിലാണ് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്. അതിന്റെ ഭാഗമായ പദ്ധതികളിലൊന്നാണ് ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി.വി. ബാലൻ അദ്ധ്യക്ഷനായി. കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി, ഭവന നിർമ്മാണ ബോർഡ് മെമ്പർ ഗീത ഗോപി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാറാമ്മ റോബ്‌സൺ, ഭവന നിർമ്മാണ ബോർഡ് അഡീഷണൽ സെക്രട്ടറി കെ. ബാബു തുടങ്ങിയവർ പങ്കെടുത്തു. ടി.ആർ. മഞ്ജുള സ്വാഗതവും എക്‌സിക്യൂട്ടിവ് എൻജിനിയർ എസ്. ഗിരീശൻ നന്ദിയും പറഞ്ഞു.