തൃശൂർ: കാലവർഷം പിന്നിട്ട് തുലാവർഷം എത്തിയിട്ടും നഗരറോഡുകളുടെ സ്ഥിതി അതിദയനീയം. നിർമ്മാണം നടക്കുന്ന കൊടുങ്ങല്ലൂർ ബൈപാസിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് കഴിഞ്ഞ ദിവസം ബൈക്ക് യാത്രികൻ മരണപ്പെട്ടിരുന്നു. അഴിക്കോട് ജെട്ടിക്ക് സമീപമുള്ള കുരിശിങ്കൽ ജോർജിന്റെ മകൻ നിഖിൽ (24) ആണ് മരിച്ചത്.
നഗരത്തിലെ ഒരു റോഡിലൂടെയും യാത്ര സുഖകരമല്ലെന്നതാണ് സ്ഥിതി. കാലവർഷത്തിന് മുൻപേ തകർന്ന റോഡുകൾ മൺസൂൺ കഴിഞ്ഞപ്പോഴേക്കും സഞ്ചരിക്കാനാകാത്തവിധം ചെളിക്കുളമായി. പ്രതിഷേധം ശക്തമാകുമ്പോൾ കനത്ത മഴ പോലും കണക്കിലെടുക്കാതെ മെറ്റലും ടാറും ചേർന്ന മിശ്രിതം ഉപയോഗിച്ച് ഓട്ടയടച്ച് രക്ഷപെടുകയാണ് അധികൃതർ. ഇത് രണ്ടുദിവസത്തിനകം പഴയപടിയാകും.
ഓരോ മണിക്കൂറിലും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തൃശൂർ നഗരമദ്ധ്യത്തിലെ സ്വരാജ് റൗണ്ടിൽ പോലും കൃത്യമായ നവീകരണമില്ല. ശങ്കരയ്യ റോഡ് പൊളിച്ചിട്ട് ആഴ്ചകളായി. കുറുപ്പം റോഡിൽ പലയിടത്തും പതാളക്കുഴികളാണ്. ചെട്ടിയങ്ങാടി വെളിയന്നൂർ റോഡ്, ഇക്കണ്ടവാര്യർ റോഡ്, പടിഞ്ഞാറെക്കോട്ട, വഞ്ചിക്കുളം റോഡ് എന്നിവയിലൂള്ള യാത്ര ദുരിതപൂർണം.
വർഷകാലത്തിനു മുൻപേ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടും രേഖാമൂലം കത്ത് നൽകിയിട്ടും ഫലമുണ്ടായില്ല. റോഡ് പ്രവൃത്തികൾക്കായി കോടിക്കണക്കിന് രൂപയുടെ അംഗീകാരം കൗൺസിൽ നൽകിയിരുന്നു.
പൊട്ടിത്തകർന്ന് ഇടറോഡുകൾ
നഗരത്തിലേക്കും പ്രധാന റോഡുകളിലേക്കുമുള്ള ഇടറോഡുകളും പൊട്ടിത്തകർന്ന നിലയിലാണ്. സ്വരാജ് റൗണ്ടിൽ നിന്നുള്ള മാരാർ റോഡ് കുണ്ടുംകുഴിയുമായി ഇരുചക്ര വാഹനങ്ങൾക്ക് പോലും പോകാനാകാത്ത സ്ഥിതിയുണ്ട്. രാമദാസ് തിയറ്ററിന് പിറകിലുള്ള റോഡും വിവിധ ഡിവിഷനുകളുടെ ചെറുതും വലുതുമായ റോഡുകളും ഗതാഗത യോഗ്യമല്ലാതായിട്ടും നാളെറെയായി.
റോഡിൽ തെങ്ങ് വച്ച് പ്രതിഷേധം
കോർപറേഷനിലെ പ്രധാന റോഡുകളും ഇടറോഡുകളും ജില്ലയിലേക്കുള്ള പ്രധാന റോഡുകളും സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ കുഴിയിൽ തെങ്ങിൻ തൈകൾ നട്ടും, കറുത്ത തുണികൾ ഉപയോഗിച്ച് കുഴികൾ മൂടിയും പ്രതിഷേധിച്ചു. കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ലീഡർ ഇ.വി. സുനിൽരാജ് അദ്ധ്യക്ഷനായി. ജയപ്രകാശ് പൂവത്തിങ്കൽ, ശ്യാമള മുരളീധരൻ, സിന്ധു ആന്റോ ചാക്കോള, ലീല വർഗീസ്, ലാലി ജയിംസ്, വിനീഷ് തയ്യിൽ, എൻ.എ. ഗോപകുമാർ, സുനിതാ വിനു, മണ്ഡലം പ്രസിഡന്റ് ജോർജ് ചാണ്ടി, ജേക്കബ് പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.
റോഡുകളുടെ തകർച്ചയ്ക്ക് പൊതുമരാമത്ത് മന്ത്രിയും മേയറും, കോർപറേഷൻ ഭരണനേതൃത്വവും കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. റോഡ് പ്രവൃത്തികൾക്കായി മാറ്റിവച്ച തുക എന്താണ് ചെയ്തതെന്ന് മേയർ വ്യക്തമാക്കണം.
- രാജൻ ജെ. പല്ലൻ, പ്രതിപക്ഷ നേതാവ്