
തൃശൂർ: നീണ്ടരോമം, വട്ടമുഖം, തിളങ്ങുന്ന കണ്ണുകൾ. 5,000 രൂപയോളം വിലയുള്ള 45 പേർഷ്യനും പത്ത് നാടനും അടക്കം സുന്ദരികളും സുന്ദരന്മാരുമായ 55 പൂച്ചകൾ! എല്ലാം റസീനയ്ക്ക് പൊന്നോമനകൾ. ചിയ്യാരം സുഭാഷ് നഗറിലാണ് പൂച്ചകളുടെ വീട്. കുട്ടിക്കാലത്തേ പൂച്ചകളെ ഇഷ്ടപ്പെട്ടിരുന്ന റസീനയ്ക്ക് നാലുവർഷമായി ഇവർ കുടുംബാംഗങ്ങളാണ്,
തൃശൂരിലെ പ്രശസ്തമായ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുമ്പോൾ ഹോസ്റ്റലിൽ ആയതിനാൽ വളർത്താനായില്ല. ചിയ്യാരത്ത് വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയപ്പോഴാണ് ഒരു സുഹൃത്ത് നാടൻ പൂച്ചകളെയും മറ്റൊരു സുഹൃത്ത് പേർഷ്യൻ പൂച്ചകളെയും നൽകിയത്. കൊവിഡ് കാലത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതായപ്പോൾ അവയായിരുന്നു ആശ്വാസം. പെല്ലറ്റും പാലും അടക്കം വിഭവസമൃദ്ധമായ ഭക്ഷണം. നല്ല പരിചരണം. പൂച്ചകൾ പെറ്റുപെരുകി. സിമ്പ, മിയ, ഇവ, സ്‌മോകി, മിന്നു, ഏൻജൽ, മുപാസ, ഷേരു... വിളിച്ചാൽ വിളിപ്പുറത്തെത്തും എല്ലാം. 55 എണ്ണമായെങ്കിലും ഒന്നിനെയും വിൽക്കാൻ മനസുവന്നില്ല റസീനയ്ക്ക്.
പൂച്ചകൾക്ക് കൂട്ടായി നായയും
പൂച്ചകളെ സംരക്ഷിക്കാനായി ഒരു നായയുമുണ്ട്. പൂച്ചകളെ ആരെങ്കിലും ഉപദ്രവിച്ചാൽ നായ കുരച്ചുചാടും. വഴക്കിടുന്ന പൂച്ചകൾക്കിടയിൽ ഇടനിലക്കാരനാകും, സമാധാനിപ്പിക്കും ഈ നായ. ചില വഴക്കാളി പൂച്ചകളെ മുകളിലെ നിലയിലേക്ക് മാറ്റിയിട്ടുണ്ട്.
കാളത്തോട് പുളിപ്പറമ്പിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് റസീന. ഭർത്താവ് റെനിൽ ചെന്നൈയിൽ മെഡിക്കൽ ടൂറിസം മേഖലയിലാണ്. റസീന ജോലിക്ക് പോകുമ്പോൾ വീട് അടച്ചിടും. പൂച്ചകൾക്കുള്ള ഭക്ഷണവും വെള്ളവും കരുതും. മലമൂത്രവിസർജ്ജനം നടത്താനും സൗകര്യമൊരുക്കും. കുഞ്ഞുപൂച്ചകൾക്ക് പ്രത്യേകമുറിയുമുണ്ട്.
'മക്കളില്ലെന്ന തോന്നലില്ല...ഈ പൂച്ചകൾ തന്നെയാണ് മക്കൾ...' പൂച്ചകളെ വാരിയെടുത്ത് വാത്സല്യത്തോടെ റസീന പറയുന്നു.
നല്ല ഭക്ഷണവും പരിചരണവും നൽകുമെന്ന് ഉറപ്പുള്ളവർക്ക് എത്ര വിലയുള്ള പേർഷ്യൻ പൂച്ചകളെയും നൽകാൻ തയ്യാറാണ്.
റസീന