 
കൊടുങ്ങല്ലൂർ : നഗരസഭയിൽ സി.പി.എമ്മുമായി നിലനിൽക്കുന്ന ഭിന്നത വെളിവാക്കി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ സി.പി.ഐ. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ സി.പി.ഐയുടെ പത്ത് കൗൺസിലർമാരും പങ്കെടുത്തില്ല. അംഗങ്ങൾ നഗരസഭാ ഓഫീസിൽ എത്തിയെങ്കിലും യോഗ ഹാളിലേക്ക് കയറിയില്ല. കൗൺസിൽ യോഗത്തിന് മുമ്പ് നടക്കേണ്ടിയിരുന്ന പാർലമെന്ററി പാർട്ടി യോഗവും സി.പി.ഐ അംഗങ്ങളുടെ അഭാവത്തിൽ ഇന്നലെ നടന്നില്ല. കൗൺസിൽ യോഗത്തിന് മുന്നോടിയായുള്ള പാർലമെന്ററി പാർട്ടി യോഗം കുറെയായി നടക്കാറില്ല.
നഗരസഭയിൽ സി.പി.എം തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കുവാണെന്നും മുന്നണിയിൽ കൂടിയാലോചന പോലും നടത്തുന്നില്ലെന്നുമാണ് സി.പി.ഐ കാലങ്ങളായി ഉയർത്തുന്ന പ്രധാന ആക്ഷേപം. ഇത്തരത്തിൽ ശൃംഗപുരം ഗവ. യു.പി സ്‌കൂളിലെ കാവടത്തിന്റെയും മതിലിന്റെയും ഉദ്ഘാടനച്ചടങ്ങ് പരിപാടി നടക്കുന്നതിന്റെ തലേന്ന് മാത്രമാണ് അറിയിച്ചതെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. ചടങ്ങ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് അവഗണിച്ചു. അതിൽ പ്രതിഷേധിച്ച് അദ്ധ്യക്ഷനാകേണ്ടിയിരുന്ന വൈസ് ചെയർമാൻ സി.പി.ഐയിലെ വി.എസ്. ദിനലും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷീല പണിക്കശ്ശേരിയും പരിപാടിയിൽ നിന്ന് വിട്ടുനിന്നപ്പോൾ നഗരസഭാ ചെയർപേഴ്‌സണും മറ്റ് സി.പി.എം അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.
സി.പി.എം വല്ല്യേട്ടൻ മനോഭാവമാണ് പിന്തുടരുന്നതെന്നും തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുത്ത് നടപ്പാക്കുകയാണെന്നും മുന്നണി മര്യാദകൾ പാടെ ലംഘിക്കുകയാണെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റികളെപ്പോലും മറികടന്നാണ് ചെയർപേഴ്‌സണും സി.പി.എമ്മും പ്രവർത്തിക്കുന്നതെന്നും സി.പി.ഐ ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ നിന്ന് സി.പി.ഐ വിട്ടുനിന്നത്. സി.പി.ഐ അംഗങ്ങളുടെ അഭാവം കോൺഗ്രസ് അംഗം വി.എം. ജോണി ചോദ്യം ചെയ്‌തെങ്കിലും അദ്ധ്യക്ഷയായിരുന്ന ടി.കെ. ഗീത മറുപടി പറഞ്ഞില്ല.
സി.പി.എം- സി.പി.ഐ കിടമത്സരം നഗരസഭാ ഭരണം സ്തംഭിപ്പിച്ചതായി ബി.ജെ.പി കൗൺസിലർമാർ ആരോപിച്ചു. സി.പി.എമ്മിന്റ ഏകാധിപത്യ ഭരണത്തിനെതിരെ ബി.ജെ.പി നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രത്യക്ഷ സമരത്തിൽ ഏർപ്പെട്ടിരുന്നു. ഭരണപരമായ കാര്യങ്ങളിൽ സി.പി.ഐയെ പൂർണമായും ഒഴിവാക്കിക്കൊണ്ടാണ് സി.പി.എമ്മിന്റെ ഏകാധിപത്യ ഭരണം മുന്നോട്ടുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ പറഞ്ഞു. ഉപനേതാവ് രശ്മി ബാബു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ, കെ.എസ്. ശിവറാം, വിനിത ടിങ്കു, ശാലിനി വെങ്കിടേഷ് തുടങ്ങിയവർ സംസാരിച്ചു. രാവിലെ 11 ന് ആരംഭിച്ച യോഗം 27 അജണ്ടകൾ അംഗീകരിച്ചു.