തൃശൂർ: സംസ്ഥാനത്തെ ആയിരത്തിലധികം പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയെങ്കിലും ഫാർമസിസ്റ്റുകളില്ലാത്തതിനാൽ മരുന്നുവിതരണം തടസപ്പെടുന്നു. 80 ശതമാനത്തോളം ആശുപത്രികളിലും സ്ഥിരം ഫാർമസിസ്റ്റുകളുടെ കുറവുണ്ട്.
കുറഞ്ഞത് രണ്ട് ഫാർമസിസ്റ്റുകളാണ് വേണ്ടത്. എന്നാൽ പലയിടത്തും ഒന്നേയുള്ളൂ. അതിനാൽ ഇവർക്ക് അവധിയെടുക്കാനും കഴിയുന്നില്ല. അതേസമയം, നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും ആശുപത്രി മാനേജ്‌മെന്റ് വഴിയും താത്കാലികക്കാരെ കുറഞ്ഞ ശമ്പളത്തിന് നിയോഗിച്ചാണ് പ്രവർത്തനം. ഇവർക്ക് സ്ഥിരം ഫാർമസിസ്റ്റുകളുടെ ഉത്തരവാദിത്വമില്ല. ഇനി മരുന്നുവിതരണത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ സ്ഥിരം ഫാർമസിസ്റ്റിനാകും ഉത്തരവാദിത്വം.
അതിനിടെ, ഫാർമസിസ്റ്റുകളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി വൈകാതെ തീരും. അതേസമയം, കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന് മെഡിക്കൽ ഓഫീസർമാരും നാല് സ്റ്റാഫ് നഴ്‌സും ഒരു ലാബ് ടെക്‌നീഷ്യനും വേണം. ഈ തസ്തികകളിൽ ഏറെക്കുറെ നിയമനം നടന്നു കഴിഞ്ഞു.
നഴ്‌സിംഗ് ജീവനക്കാർക്കും ചുമതല
ഫാർമസിസ്റ്റുകളുടെ അഭാവത്തിൽ ചിലയിടങ്ങളിൽ മരുന്ന് വിതരണച്ചുമതല നഴ്‌സിംഗ് ജീവനക്കാർക്കാണ്. പലയിടത്തും മരുന്നുവിതരണത്തിന് വാക്കാലാണ് നിർദ്ദേശം. നിയമവിരുദ്ധമായതിനാൽ രേഖാമൂലം നിർദ്ദേശിക്കാനാകില്ല. മുൻപ് ഇത് വ്യാപകമായിരുന്നെങ്കിലും കോടതി ഉത്തരവിനെത്തുടർന്ന് നിയന്ത്രിച്ചിരുന്നു.
കുടുംബാരോഗ്യകേന്ദ്രങ്ങളിൽ മറ്റ് തസ്തികകളിലേതുപോലെ ഫാർമസിസ്റ്റുകളെ നിയമിച്ചിട്ടില്ല. പ്രശ്‌നം ഉടൻ പരിഹരിക്കണം.- പി. ബബീഷ്, ജനറൽ സെക്രട്ടറി, കേരള ഫാർമസിസ്റ്റ് യൂണിയൻ