തൃശൂർ: ജില്ലാ സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാക്കുട ഉപജില്ലയുടെ കുതിപ്പ്. സബ് ജൂനിയർ, ജൂനിയർ, സിനീയർ വിഭാഗങ്ങളിലായി ആദ്യ ദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 103 പോയിന്റുമായാണ് ഇരിങ്ങാലക്കുടയുടെ മുന്നേറ്റം. 46 പോയിന്റുമായി തൃശൂർ ഈസ്റ്റും 38 പോയിന്റോടെ ചാലക്കുടിയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. വലപ്പാട് (21), കൊടുങ്ങല്ലൂർ (20), തൃശൂർ വെസ്റ്റ് (10), ചേർപ്പ് (10), മാള (7) എന്നിങ്ങനെയാണ് പോയിന്റ് നില. സ്‌കൂൾതലത്തിൽ 22 പോയന്റ് നേടി ഇരിങ്ങാലക്കുട ഉപജില്ലയിലെ അവിട്ടത്തൂർ എൽ.ബി.എസ്.എം.എച്ച്.എസ്.എസ് ആണ് മുന്നിൽ. തൃശൂർ ഈസ്റ്റിലെ എച്ച്.എഫ്.സി.ജി.എച്ച്.എസാണ് 20 പോയിന്റുമായി തൊട്ടുപിന്നിലുള്ളത്. വലപ്പാട് ഉപജില്ലയിലെ ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് 16 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. തൃശൂർ അക്വാറ്റിക് കോംപ്ലക്‌സിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ ആയിരത്തിലേറെ താരങ്ങളാണ് പങ്കെടുക്കുന്നത്.