vanitha

തൃശൂർ: ജില്ലയിലെ രണ്ട് വനിതാ പൊലീസ് സ്റ്റേഷനുകളിൽ ഒന്ന്. സ്വന്തമായി കെട്ടിടം, അടിസ്ഥാന സൗകര്യം, എല്ലാമുണ്ട്. പക്ഷേ നഗരത്തിലെ സിറ്റി പൊലീസിന് കീഴിലുള്ള വനിതാ പൊലീസ് സ്റ്റേഷനിൽ ചുമതല വഹിക്കേണ്ട എസ്.ഐമാർ ഇല്ല. വനിതകൾക്ക് നേരെ അതിക്രമം അനുദിനം വർദ്ധിക്കുമ്പോൾ കൂടുതലും പരാതികളുമായി സ്ത്രീകളെത്തുന്നത് ഇവിടേക്കാണ്. എന്നാൽ എ.എസ്.ഐക്കാണ് നിലവിൽ എസ്.എച്ച്.ഒയുടെ ചുമതല.

സ്‌റ്റേഷന്റെ കേസുകളുടെയും മറ്റും എണ്ണം കണക്കിലെടുത്താൽ രണ്ട് എസ്.ഐമാർ വേണം. നാല് എ.എസ്.ഐമാരും 18 വനിതാ സിവിൽ പൊലീസ് ഓഫീസർമാരും വേണം. സാധാരണ വരുന്ന പരാതികളിൽ ഇവർക്ക് തീർപ്പ് കൽപ്പിക്കാമെങ്കിലും സ്വമേധയാ കേസുകൾ എസ്.ഐ റാങ്കിന് താഴെയുള്ളവർക്ക് എടുക്കാനാകില്ല. പലപ്പോഴും ഇത് ഏറെ പ്രശ്‌നത്തിനിടയാക്കും. നേരത്തെ പൊലീസുകാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നെങ്കിലും കൂടുതൽ പേരെ നിയോഗിച്ചത് ആശ്വാസമാകുന്നുണ്ട്.

പിങ്ക് പൊലീസും ഇതിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. പിങ്ക് പൊലീസിന്റെ സജീവ സാന്നിദ്ധ്യം നഗരത്തിലുണ്ട്. സ്ത്രീകൾക്കെതിരായ പീഡനം, അതിക്രമങ്ങൾ, അവരുടെ അവകാശങ്ങൾ അംഗീകരിക്കാതിരിക്കൽ, കുടുംബത്തിനുള്ളിലെ സ്വരച്ചേർച്ചയില്ലായ്മ എന്നിവയെക്കുറിച്ച് സ്ത്രീകൾക്കുള്ള പരാതി പരിഹരിക്കൽ തുടങ്ങിയവയാണ് വനിതാ സ്റ്റേഷനിലെത്തുന്നത്. ഇതേ കെട്ടിടത്തിലുള്ള വനിതാ സെല്ലിൽ എസ്.എച്ച്.ഒയുടെ ചുമതല വഹിക്കേണ്ട സി.ഐ ഇല്ലാതായിട്ടും മാസങ്ങളായി. എസ്.ഐമാരും ഇല്ല. ഇവിടെയും 20 വർഷം സർവീസ് പൂർത്തിയാക്കിയ ഗ്രേഡ് എസ്.ഐമാർക്കാണ് ചുമതല.

തൃശൂർ വനിതാ പൊലീസ് സ്റ്റേഷൻ

വേണ്ടത്

എസ്.ഐമാർ 2
എ.എസ്.ഐമാർ 4
വനിതാ സിവിൽ പൊലീസ് ഓഫീസർമാർ 18

നിലവിൽ ഉള്ളത്

എസ്.ഐമാർ 0
എ.എസ്.ഐ 3
സിവിൽ പൊലീസ് ഓഫീസർമാർ 15

വനിത സെൽ ആവശ്യം 18

നിലവിൽ ഉള്ളത് 7
എ.എസ്.ഐ 4
സിവിൽ പൊലീസ് ഓഫീസർമാർ 3
സി.ഐ 0
എസ്.ഐ 0

(ലേഖകന്റെ ഫോൺ നമ്പർ - 9946103567).