 
മാള : ആൾ കേരള മാസ്റ്റേഴ്‌സ് സ്വിമ്മിംഗ് മത്സരത്തിൽ പുത്തൻചിറയുടെ നീന്തൽതാരം മാലരാജ് വേണുഗോപാൽ നേടിയത് അഞ്ച് സ്വർണവും ഒരു വെള്ളിയും. 50 മീറ്റർ, 100 മീറ്റർ ബ്രസ്റ്റ് സ്റ്റോക്ക്, 400 മീറ്റർ ഫ്രീ സ്റ്റൈൽ, ജില്ലയെ പ്രതിനിധീകരിച്ചുള്ള രണ്ട് റിലേ മത്സരങ്ങൾ എന്നിവയിലാണ് മാലരാജിന് അഞ്ച് സ്വർണ മെഡൽ ലഭിച്ചത്. 50 മീറ്റർ ഫീസ് മത്സരത്തിൽ ഒരു വെള്ളി മെഡലും ലഭിച്ചു.
തൃശൂർ വിമല കോളേജിലെ സിമ്മിംഗ് പൂളിൽ നടന്ന മത്സരത്തിലാണ് പുത്തൻചിറയ്ക്ക് അഭിമാനമായ മാലരാജിന്റെ മെഡൽ നേട്ടം. 2005ൽ നടന്ന ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി മത്സരത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ക്യാപ്ടനും ദേശീയ താരവുമായി തിളങ്ങിയ മാലരാജ് നീണ്ട 19 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് 13-ാമത് സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തൽ മത്സരത്തിൽ സ്വർണ നേട്ടം കൈവരിച്ചത്. മാലരാജിന്റെ ഭർത്താവ് വേണുഗോപാൽ അക്വൾച്ചർ സ്‌പെഷലിസ്റ്റാണ്. മക്കളായ അമിത് വേണുഗോപാൽ പ്ലസ് വണ്ണിനും അർജുൻ വേണുഗോപാൽ ആറാം ക്ലാസിലും പഠിക്കുന്നു.
സൈക്കോ സോഷ്യൽ കൗൺസിലർ
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സൈക്കോ സോഷ്യൽ കൗൺസിലറായി പുത്തൻചിറ ജി.വി.എച്ച്.എസിൽ ജോലി ചെയ്തു വരികയാണ് മാലരാജ്. കുട്ടികളുടെ പാഠ്യ, പഠ്യാതേര, ഭൗതിക, മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതോടൊപ്പം അവരുടെ വിഭിന്നങ്ങളായ കഴിവുകൾ കണ്ടെത്തി അവരെ നീന്തൽ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ മാലരാജ് വഹിക്കുന്ന പങ്ക് ചെറുതല്ല. കായിക അദ്ധ്യാപകരുടെ അഭാവത്തിലും തുടർച്ചയായി വിജയം നേടാൻ പുത്തൻചിറയിലെ ചുണക്കുട്ടികൾക്ക് ചാലക ശക്തിയാകുന്നതും മാല ടീച്ചറാണ്.