വടക്കാഞ്ചേരി: ഉത്സവ വ്യാപാര സീസൺ ആരംഭിക്കുന്നതോടെ കച്ചവട പ്രതീക്ഷയിൽ ഉത്സവ കച്ചവടക്കാർ. ഒക്ടോബർ മുതൽ മെയ് വരെയുള്ള എട്ട് മാസക്കാലമാണ് ഉത്സവ വ്യാപാര സീസൺ. ഈ കച്ചവട വരുമാനത്തിൽ പ്രതീക്ഷ അർപ്പിച്ച് നൂറ് കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്. ഉത്സവപ്പറമ്പുകളെ വർണാഭവും സജീവവുമാക്കുന്ന കച്ചവടക്കാർ ഏറെനാളായി ഓൺലൈൻ വ്യാപാര രൂക്ഷതയിൽ അനുഭവിക്കുന്നത് സമാനതകളില്ലാത്ത വെല്ലുവിളിയാണ്. ഒപ്പം കാലം തെറ്റിപ്പെയ്യുന്ന മഴയും ഇവരുടെ പ്രതീക്ഷകൾ തകർക്കും.

തുച്ഛമായ വരുമാന സ്രോതസലേക്കുള്ള ഓൺ ലൈൻ വ്യാപാരത്തിന്റെ തള്ളിക്കയറ്റം മുൻ വർഷങ്ങളെ അപേക്ഷിച്ച് കച്ചവടം പകുതിയലേറെ കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. കുത്തകകളോട് പിടിച്ച് നിൽക്കാൻ ആകുന്നില്ലെന്നതും ഓരോ സീസണും സമ്മാനിക്കുന്നത് കണ്ണീർ മാത്രമാണെന്നും ഇവർ പറയുന്നു. മുംബൈ,ഡൽഹി എന്നിവിടങ്ങൾക്ക് പുറമെ കുന്നംകുളവും പ്രധാന മൊത്തവ്യാപാര വിപണിയാണ്. ഒരു സീസണിൽ 30,000 രൂപ മുതൽ 80,000 രൂപവരെ വേണം സാധനങ്ങളെത്തിക്കാനെന്ന് കച്ചവടക്കാർ പറയുന്നു. പലിശക്ക് പണമെടുത്ത് സ്റ്റോക്കെടുത്താലും സീസൺ പൊട്ടിയാൽ മുന്നിൽ വലിയ കടകെണിയാണ്.


ഓൺലൈൻ വ്യാപാരത്തിന് നിയന്ത്രണം വേണം. പല സൈറ്റുകളിലും വൻ തട്ടിപ്പാണ് നടക്കുന്നത്. ഉത്സവ പറമ്പുകളിലെ തറവാടക ഒരു മാനദണ്ഡവുമില്ലാത്തതാണ്. സർക്കാർ ഇതിന് പരിഹാരമുണ്ടാക്കണം. സർക്കാർ തലത്തിൽ സാധന സാമഗ്രികൾ ലഭ്യമാക്കാൻ നടപടി ഉണ്ടായാൽ വലിയ ആശ്വാസമാകും.
-മോഹനൻ വെള്ളറക്കാട്
(ഉത്സവ കച്ചവടക്കാരൻ)