ramya-haridas

രമ്യയെ ഇറക്കാൻ യു.ഡി.എഫ്

ഇടതിൽ യു.ആർ. പ്രദീപ്?

ബി.ജെ.പിക്ക് നാട്ടു നേതാവ്

ചേലക്കരയിലെ സിറ്റിംഗ് സീറ്റിൽ വിജയം ഉറപ്പിക്കാൻ മുൻ എം.എൽ.എ യു.ആർ. പ്രദീപിനെ ഏറക്കുറെ ഉറപ്പിച്ച മട്ടിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാകും അന്തിമ തീരുമാനം. അതേസമയം,​ തൃക്കാക്കരയിൽ പയറ്റിയ തന്ത്രം കോൺഗ്രസ് ചേലക്കരയിലും ആവർത്തിക്കുകയാണ്. മറ്റുള്ളവർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുൻപേ മത്സരരംഗത്ത് ആരെന്നത് സംബന്ധിച്ച് ഏകദേശം തീരുമാനമായിക്കഴിഞ്ഞു. മുൻ എം.പി രമ്യാ ഹരിദാസിനാകും 1996 മുതൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കാൻ നിയോഗം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ട രമ്യയ്ക്ക് ചേലക്കര മണ്ഡലത്തിൽ കെ. രാധകൃഷ്ണന്റെ മേധാവിത്വം കുറയ്ക്കാനായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേലക്കരയിൽ രാധകൃഷ്ണൻ വിജയിച്ചത് 39,400 വോട്ടുകൾക്കാണ്. എന്നാൽ ലോക്‌സഭയിൽ 5,173 വോട്ട് മാത്രമാണ് അധികം നേടാനായത്. ഇതു തന്നെയാണ് യു.ഡി.എഫ് പ്രതീക്ഷ.

ബി.ജെ.പിയും സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ, ടി.എൻ. സരസു എന്നിവർക്കാണ് മുൻഗണന. സംസ്ഥാന നേതാക്കളെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം ഉയർന്നെങ്കിലും മണ്ഡലത്തിൽ നിന്നുള്ളയാൾ തന്നെ വേണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം. ഇത് അംഗീകരിച്ചാൽ ബാലകൃഷ്ണൻ തന്നെയാകും ബി.ജെ.പി സ്ഥാനാർത്ഥി. ഒമ്പത് പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന ചേലക്കരയിൽ ആറിടത്ത് ഭരണം എൽ.ഡി.എഫിനും മൂന്നെണ്ണം യു.ഡി.എഫിനുമാണ്. യു.ഡി.എഫ് ഭരിക്കുന്ന തിരുവില്വാമല പഞ്ചായത്തിൽ യു.ഡി.എഫും ബി.ജെ.പിയും തുല്യനിലയിലാണ്. ടോസിലൂടെയാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്.

2021 നിയമസഭാ തിരഞ്ഞെടുപ്പ്

കെ. രാധാകൃഷ്ണൻ (സി.പി.എം): 83,415
സി.സി. ശ്രീകുമാർ (കോൺ.): 44,015
ഷാജുമോൻ വട്ടേക്കാട് (ബി.ജെ.പി): 24,045

കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം: 39,400