 
തൃശൂർ: അങ്കം കുറിച്ചു. ഇനി എല്ലാ കണ്ണുകളും ചേലക്കരയിലേക്ക്. ഒരു മാസം പോലുമില്ല തിരഞ്ഞെടുപ്പിന്. അതിനാൽ സർവസജ്ജരായി യുദ്ധസന്നാഹത്തോടെ മുന്നണി സംവിധാനങ്ങളെല്ലാം ചേലക്കര പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇന്നലെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കളം പിടിക്കാനുള്ള ഒരുക്കത്തിലായിരുന്നു യു.ഡി.എഫ്.
എൽ.ഡി.എഫും എൻ.ഡി.എയും അടുത്ത ദിവസങ്ങളിൽ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഇതോടെ മലയോര മണ്ഡലമായ ചേലക്കരയിൽ പോര് മുറുകും. സിറ്റിംഗ് മണ്ഡലം നിലനിറുത്താൻ താഴെത്തട്ടിലുള്ള പ്രവർത്തകരെ സജീവമാക്കാനുള്ള തയ്യാറെടുപ്പിലാണ് എൽ.ഡി.എഫ്. ബ്രാഞ്ച് സമ്മേളനം കഴിഞ്ഞ് ലോക്കൽ സമ്മേളനം നടന്നുകൊണ്ടിരിക്കുന്നതിനാൽ അത് ആദ്യഘട്ട പ്രചാരണമാക്കി മാറ്റുകയാണ് സി.പി.എം.
അതേസമയം, രാഷ്ട്രീയസാഹചര്യം അനുകൂലമാണെന്ന വിലയിരുത്തലിൽ ഓരോ ബൂത്തിനും മണ്ഡലത്തിന് പുറത്തുള്ള നേതാക്കൾക്ക് ചുമതല നൽകിയാണ് കോൺഗ്രസ് പ്രവർത്തനം. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ പ്രതീക്ഷയോടെയാണ് ബി.ജെ.പിയും ചേലക്കര ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. കൂടാതെ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ മിന്നുംപ്രകടനവും അവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
ആളെ അണിനിരത്തി സമ്മേളനം
പാർട്ടി സമ്മേളനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണമാക്കി മാറ്റുകയെന്നതാണ് സി.പി.എം തന്ത്രം. 1996 മുതൽ ചേലക്കര സി.പി.എമ്മിന്റെ കുത്തകയാണ്. മുൻ എം.എൽ.എ: യു.ആർ. പ്രദീപ് തന്നെയാകും സ്ഥാനാർത്ഥിയെന്ന് ഏറെക്കുറെ ഉറപ്പ്. മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളും മുൻജനപ്രതിനിധിയെന്ന നിലയിലുള്ള അനുഭവസമ്പത്തും പ്രതികൂല ഘടകങ്ങളെ മറികടക്കാനുള്ള ഊർജം പകരുന്നുവെന്നാണ് എൽ.ഡി.എഫ് വിശ്വാസം.
മുമ്പില്ലാത്ത ഏകോപനം
കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ കോൺഗ്രസ് ബൂത്ത് ഇൻ ചാർജുമാരുടെ യോഗത്തിൽ പങ്കെടുത്ത് പ്രവർത്തനം വിലയിരുത്തി. അഞ്ചു വർഷം ആലത്തൂർ എം.പിയെന്ന നിലയിൽ മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളും രമ്യക്ക് സുപരിചിതമാണ്. അതോടൊപ്പം രാഷ്ട്രീയ സാഹചര്യവും അനുകൂലമാകുന്നതോടെ വിജയം ഉറപ്പെന്നതാണ് കണക്കുകൂട്ടൽ.
തൃശൂർ ആവർത്തിക്കാൻ
ബൂത്ത് ഇൻ ചാർജുമാരെയും ശക്തി കേന്ദ്ര ഇൻ ചാർജുമാരെയും ഏറെ നാളുകൾക്ക് മുമ്പേ നിശ്ചയിച്ച് പ്രവർത്തനം തുടങ്ങിയതാണ് ബി.ജെ.പിയുടെ പ്രതീക്ഷ. സംസ്ഥാനത്തിന്റെ സഹ പ്രഭാരി അപരാജിത സാരംഗി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി വി. മുരധീധരൻ എന്നിവർ മണ്ഡലത്തിൽ എത്തിയിരുന്നു. തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ, ടി.എൻ. സരസു എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം.
തികഞ്ഞ വിജയ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. 1996 മുതൽ മണ്ഡലം ഇടതുപക്ഷത്തിനൊപ്പമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളും എൽ.ഡി.എഫിനെ കൈവിട്ടപ്പോൾ ചേലക്കര തങ്ങൾക്കൊപ്പമായിരുന്നു.- കെ.വി. അബ്ദുൾ ഖാദർ, എൽ.ഡി.എഫ് കൺവീനർ
ചേലക്കര ഇത്തവണ യു.ഡി.എഫ് തിരിച്ചുപിടിക്കും. തിരഞ്ഞെടുപ്പിന് രണ്ടുമാസം മുൻപേ യു.ഡി.എഫ് മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നു. ഇടതുപക്ഷത്തിന് അനുകൂലമായ ഒരു സാഹചര്യവുമില്ല.- എം.പി. വിൻസെന്റ്, യു.ഡി.എഫ് ജില്ലാ മുൻ ചെയർമാൻ
വർഗീയ കാർഡിറക്കിയുള്ള എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും തന്ത്രം വിലപ്പോകില്ല. തൃശൂരിൽ ജനം അത് തെളിയിച്ചതാണ്. തൃശൂരിലെ വിജയം ചേലക്കരയിലും എൻ.ഡി.എ ആവർത്തിക്കും- അതുല്യഘോഷ് വെട്ടിയാട്ടിൽ, എൻ.ഡി.എ ജില്ലാ കൺവീനർ