ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ ചെയർപേഴ്‌സണായി കോൺഗ്രസിലെ മേരിക്കുട്ടി ജോയ് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ സുജ സഞ്ജീവ്കുമാർ രാജിവച്ചതിനെത്തുടർന്നാണ് ഇന്നലെ വീണ്ടും ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് നടന്നത്. ഇടത് സ്ഥാനാർത്ഥിയായി കെ.ആർ. വിജയയും ബി.ജെ.പി സ്ഥാനാർത്ഥിയായി സ്മിത കൃഷ്ണകുമാറും മത്സരിച്ചു. ആദ്യ റൗണ്ടിൽ മേരിക്കുട്ടി ജോയ് 17 വോട്ടും കെ.ആർ. വിജയ 16 വോട്ടും സ്മിത കൃഷ്ണകുമാർ 8 വോട്ടുകളും നേടി. ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിൽ നടന്ന രണ്ടാം റൗണ്ട് വോട്ടിംഗിൽ 15 നെതിരെ 17 വോട്ടുകൾ നേടി മേരിക്കുട്ടി ജോയ് വിജയിച്ചു. ബി.ജെ.പിയുടെ ഏഴും ഇടതുപക്ഷത്തിന്റെ ഒരു വോട്ടും അടക്കം രണ്ടാം റൗണ്ടിൽ 8 വോട്ട് അസാധുവായി. ഡെപ്യൂട്ടി കളക്ടർ കെ. ശാന്തകുമാരി വരണാധികാരിയായിരുന്നു. നഗരസഭയിലെ മഠത്തിക്കര 17-ാം വാർഡ് അംഗമാണ് മേരിക്കുട്ടി. നഗരസഭയിൽ ഈ ഭരണകാലയളവിൽ യു.ഡി.എഫിന്റെ മൂന്നാമത്തെ ചെയർപേഴ്സണാണ് മേരിക്കുട്ടി.