കൊടുങ്ങല്ലൂർ : ഭക്ഷ്യ എണ്ണകൾക്ക് വില കൂടിയതോടെ കടകളിൽ ഒരു തവണ ഉപയോഗിച്ച എണ്ണ പലതവണ ഉപയോഗിക്കുന്നത് വ്യാപകമായതോടെ രാത്രികാല പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, ബജിക്കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നഗരസഭാ പരിധിയിലെ വിവിധ സ്ഥലങ്ങളിലുള്ള 12 സ്ഥാപനങ്ങളിൽ കയറിറങ്ങിയ സംഘം ഇരുപതോളം സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഉപയോഗിച്ചു കൊണ്ടിരുന്ന എണ്ണ, പാൽ, ചായല, വെള്ളം തുടങ്ങിയവയുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ലാബിലെ പരിശോധനകളിൽ മാത്രമെ ഇവയുടെ ഗുണ നിലവാരം അറിയാൻ കഴിയുകയുള്ളു. നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ ഇല്ലാതെയും തട്ടുകടകൾ പ്രവർത്തിക്കുന്നുണ്ടോയെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കുന്നുണ്ട്. രാത്രികാല പരിശോധനകൾ തുടരുമെന്ന് സംഘം അറിയിച്ചു. തൃശൂരിലെ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബിന്റെ ഫുഡ് അനലിസ്റ്റ് സുമേഷ്, കൊടുങ്ങല്ലൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ വിനീത, കയ്പമംഗലം ഫുഡ് സേഫ്ടി ഓഫീസർ റിനി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
പഴകിയ എണ്ണ ഹൃദ്‌രോഗം വരുത്തും
പഴകിയ എണ്ണ ഉപയോഗിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കും. ദഹന പ്രശ്‌നങ്ങൾ ഉണ്ടാവുകയും വയറ്റിൽ കൂടുതൽ ഗ്യാസ് ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യും. ചീത്ത കൊഴുപ്പ് ശരീരത്തിൽ അടിയാനും ഇതുവഴി ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകാനുള്ള സാദ്ധ്യതകളും കൂടുതലാണെന്ന് വിദഗ്ദ്ധർ പറഞ്ഞു. പലഹാരങ്ങളോ ഇറച്ചിയോ ഫ്രൈ ചെയ്യുമ്പോൾ ബാക്കിവരുന്ന എണ്ണ ഒഴിവാക്കാതെ വീണ്ടും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. തേങ്ങയുടെ വില വർദ്ധിച്ച് വെളിച്ചെണ്ണ ലിറ്ററിന് 220 രൂപയായി ഉയർന്നതോടെയാണ് കടകളിൽ പഴകിയ എണ്ണയുടെ ഉപയോഗം കൂടിയത്. പാം ഓയിൽ, സൺഫ്‌ളവർ ഓയിൽ എന്നിവയുടെ വിലയും 20 മുതൽ 30 വരെ വർദ്ധിച്ചിട്ടുണ്ട്.