തൃശൂർ: ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യക്കുറവിനെക്കുറിച്ച് കേരള കൗമുദി ആരംഭിച്ച 'കരുതൽ വേണം കാക്കിക്ക് ' എന്ന വിഷയത്തിൽ പ്രതികരിച്ച് പൊതുജനങ്ങൾ. സ്റ്റേഷനുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും അടിസ്ഥാനസൗകര്യക്കുറവും ദുരിതവും മറ്റും വിവരിക്കുന്ന പംക്തിയാണിത്.
കഴിഞ്ഞ ദിവസം തൃശൂർ സിറ്റി പൊലീസിന് കീഴിലുള്ള വനിതാ പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് പൊലീസ് സംവിധാനവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിലും എസ്.ഐമാരില്ലാത്തത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
വനിതാ വിഷയങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്നുവെന്ന് അവകാശപ്പെടുന്നവർ വനിതകൾക്ക് അഭയമാകുന്ന പൊലീസ് സ്റ്റേഷന്റെ കാര്യത്തിലും ശ്രദ്ധ വേണമെന്നായിരുന്നു സ്ത്രീകൾ അടക്കമുള്ളവർ പ്രതികരിച്ചത്.
കേരളകൗമുദി വാർത്ത ശരിക്കും അധികൃതരുടെ കണ്ണുതുറപ്പിക്കണം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന കാലത്ത് അത് തടയിടാനുള്ള വനിതാ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനവും ശക്തിപ്പെടുത്തണം. എസ്.ഐമാർ ഇല്ലാത്ത വനിതാ പൊലീസ് സ്റ്റേഷന്റെ അവസ്ഥ അതിദയനീയം. സാംസ്‌കാരിക തലസ്ഥാനത്തിനിത് അപമാനം.
- കെ.എൻ. നാരായണൻ, റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ
സ്ത്രീകൾക്കെതിരെ അതിക്രമം വർദ്ധിക്കുകയാണ്. സമൂഹം കൂടുതൽ ജാഗരൂകരാകണം. അതിന് നേതൃത്വം നൽകുന്ന വനിതാ പൊലീസ് സ്റ്റേഷനുകളിൽ തന്നെ ആവശ്യമായ സൗകര്യങ്ങളും സംവിധാനവും ഇല്ലെങ്കിൽ പിന്നെന്തു ചെയ്യും. ഇത് ഉറപ്പാക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണ്.- മത്തായി മണ്ടത്തിൽ, കട്ടിലപ്പൂവ്വം
ഒരു പരാതിയുമായി ബന്ധപ്പെട്ട് വനിതാ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പോയപ്പോൾ എസ്.ഐ ഇല്ലെന്ന കാരണം പറഞ്ഞ് ഈസ്റ്റ് സ്റ്റേഷനിലേക്ക് പോകേണ്ടിവന്നു. നൂറായിരം വനിതകളും വിദ്യാർത്ഥിനികളും ഉദ്യോഗസ്ഥരും എല്ലാമുള്ള തൃശൂർ നഗരമദ്ധ്യത്തിലെ വനിതാ പൊലീസ് സ്റ്റേഷനിൽ അടിയന്തരമായി എസ്.ഐമാരെ നിയമിക്കാൻ നടപടി സ്വീകരിക്കണം.- സിന്ധു ആന്റോ ചാക്കോള, കൗൺസിലർ