കൊടുങ്ങല്ലൂർ : നഗരസഭയിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായെന്നും ഭരണസമിതി രാജിവയ്ക്കണമെന്നും ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി. നഗരസഭയിലെ ഭരണകക്ഷിയായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള കിടമത്സരം നഗരസഭാ ഭരണം സ്തംഭനത്തിലാക്കിയിരിക്കുകയാണ്. സി.പി.എമ്മിന്റ ഏകാധിപത്യ ഭരണത്തിനെതിരെ ബി.ജെ.പി പലപ്പോഴും നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രത്യക്ഷ സമരത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ബി.ജെ.പി വികസനത്തിന് തടസം നിൽക്കുന്നെന്നാണ് ഇരുകൂട്ടരും ആരോപിച്ചിരുന്നത്. എന്നാൽ നാളുകളായി ഭരണകാര്യങ്ങളിൽ സി.പി.ഐയെ പൂർണമായും ഒഴിവാക്കിയാണ് സി.പി.എം ഏകാധിപത്യ രീതിയിൽ ഭരണം നടത്തുന്നതെന്നും യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ആർ. വിദ്യാസാഗർ, എൽ.കെ. മനോജ്, ടി.എസ്. സജീവൻ, രശ്മി ബാബു, ഒ.എൻ. ജയദേവൻ, ശാലിനി വെങ്കിടേഷ് തുടങ്ങിയവർ സംസാരിച്ചു.