ചെറുതുരുത്തി: മൂന്നര വർഷം മുമ്പ് ആരംഭിച്ച ചെറുതുരുത്തി-പൊന്നാനി റോഡ് നവീകരണം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 7.52 കോടി രൂപ അനുവദിച്ചു.
നബാർഡ് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിരുന്ന ചെറുതുരുത്തി - പൊന്നാനി റോഡിന്റെ നിർമ്മാണം നബാർഡിന്റെ ട്രാഞ്ച് കാലാവധി അവസാനിച്ചതിനാൽ ബാക്കി പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് പ്ലാൻ ഫണ്ട് അനുവദിച്ചത്. കെ.രാധാകൃഷ്ണൻ എം.പിയുടെ നിർദ്ദേശ പ്രകാരമാണ് ബാലൻസ് എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിച്ചത്. തുടർന്നാണ് തുക അനുവദിച്ചത്. 2020 ജൂൺ മാസത്തിൽ 12 കോടി 67 ലക്ഷം ചെലവഴിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ചെറുതുരുത്തി ചുങ്കം മുതൽ ഒലിച്ചി വരെയുള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നെങ്കിലും പണി പലപ്പോഴായി നിലച്ചിരുന്നു. മുടങ്ങിയ നിർമ്മാണം നിരവധി പ്രതിഷേധത്തെത്തുടർന്ന് മണ്ണെടുക്കൽ, ജി.എസ്.ബി, ഡബ്ലിയു.എം.എം ലയറുകൾ , റോഡ് ഉയർത്തൽ എന്നിവ 1.6 കിലോമീറ്റർ വരെ മാർച്ച് ആദ്യ വാരം പൂർത്തീകരിച്ചു. 1.160 കി.മീ. ദൂരം മെയ് മാസത്തിലും ബി.എം ചെയ്തിട്ടുണ്ട്. ഒറിജിനൽ എസ്റ്റിമേറ്റിൽ ഉൾപെടാതിരുന്ന 135 മീറ്റർ കൂടുതൽ നീളം ടാറിംഗ്, പുതുപാടത്തെ 600 മീറ്റർ നീളത്തിലുള്ള റോഡിന്റെ പുനർക്രമീകരണം എന്നിവ നിലവിലെ കരാറുകാരൻ ഏറ്റെടുത്ത തുകയിൽ പൂർത്തീകരിക്കും. നിലവിൽ ചുങ്കം മുതൽ എൻ. എൻ. മണ്ണഴി റോഡ് വരെയുള്ള 1.160 കി. മീ. റോഡ് പണിയും ബി.എം കഴിഞ്ഞ ഭാഗം മുതൽ പള്ളം വരെയുള്ള 3 കി. മീ. റോഡിൽ പുതുപ്പാടം ഭാഗത്തെ 600 മീറ്റർ ഒഴികെ വീതികൂട്ടുന്ന പ്രവൃത്തിയും പൂർത്തീകരിച്ചു.
പ്രതിഷേധിച്ച് ജനം
റോഡിന്റെ ശോചനീയാവസ്ഥ മൂലം നിരവധി വാഹനങ്ങളാണ് ഈ പ്രദേശത്ത് അപകടത്തിൽപ്പെട്ടത്. റോഡിന്റെ ദുരവസ്ഥ മൂലം വ്യാപര സ്ഥാപനങ്ങളും പ്രതിസന്ധി നേരിട്ടു. തുടർന്ന് ജനങ്ങൾ റോഡിലെ കുഴികളിൽ വാഴ നട്ടും കുഴികളിൽ വീഴുന്നവർക്ക് തൈലം നൽകിയും പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണകളും മുട്ടിലിഴയൽ സമരവും ഉൾപ്പെടെയുള്ള സമര മുറകളും അരങ്ങേറി. ഇതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ വീണ്ടും നിർമ്മാണം ആരംഭിക്കുകയായിരുന്നു.. ചെറുതുരുത്തി-പൊന്നാനി റോഡ് നവീകരണത്തിന്റെ ആരംഭം മുതൽ സ്ഥലം ഏറ്റെടുക്കലിലും കാന നിർമ്മാണത്തിലും പരാതി ഉയർന്നിരുന്നു.റോഡ് നിർമ്മാണത്തിൽ അഴിമതി ആരോപണവുമുണ്ടായി.
ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പിലെ ഇലക്ഷൻ സ്റ്റണ്ടാണ് ഫണ്ട് പ്രഖ്യാപനത്തിൽ ഉള്ളത്.
പി.എ.ഷാനവാസ്
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്