കുഴിയെണ്ണിയാൽ കുതിരപവനെന്ന് പ്രതിപക്ഷ വാഗ്ദാനം


തൃശൂർ: കോർപറേഷൻ പരിധിയിലെ റോഡുകളിലെ ശോച്യാവസ്ഥക്കെതിരെ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം. ചെറുതും വലുതുമായ കുഴികൾ എണ്ണിത്തിട്ടപ്പെടുത്തുന്നവർക്ക് ഒരു കുതിരപ്പവൻ സമ്മാനവുമായി പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ രംഗത്തെത്തി.
മഴക്കാലത്ത് വെള്ളക്കെട്ടിൽ മുങ്ങിയ റോഡുകൾ മഴയില്ലാത്തപ്പോൾ നന്നാക്കാൻ ഇടപെടൽ നടത്തിയില്ല. റോഡ് ശോചനീയാവസ്ഥയിൽ കോൺഗ്രസ് പ്രതിഷേധിച്ചപ്പോൾ ബി.ജെ.പി പ്രതീകരിച്ചില്ലെന്നും രാജൻ പല്ലൻ ആരോപിച്ചു. ബി.ജെ.പിയുടെ സ്‌പോൺസർ മേയറായതാണ് കാരണമെന്നും രാജൻ പല്ലൻ വിമർശിച്ചു. റോഡ് ശോചനീയാവസ്ഥയിൽ അടിയന്തര നടപടി വേണമെന്ന് ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി ആവശ്യപ്പെട്ടു. നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണിക്ക് വകയിരുത്തിയ 50 കോടി രൂപ പ്രകാരം ദ്രുതഗതിയിൽ നടപടികൾ പൂർത്തിയാക്കുകയാണെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കരോളിൻ ജെറിഷ് മറുപടി നൽകി.
തേക്കിൻകാട് മൈതാനിയിൽ നടത്തിയ 'ദിശ' മേളയുടെ മാലിന്യങ്ങൾ കാര്യാട്ടുകര ഡിവിഷനിലെ ആറിടങ്ങളിൽ റോഡിനോടു ചേർന്നു നിക്ഷേപിച്ചതിൽ ആരോഗ്യ വിഭാഗംഅനങ്ങിയില്ലെന്ന് കൗൺസിലർ ലാലി ജയിംസ് ആരോപിച്ചു. കൗൺസിലർമാരായ ഇ.വി.സുനിൽ രാജ്, കെ.രാമനാഥൻ, ജയപ്രകാശ് പൂവത്തിങ്കൽ, ഡോ.ആതിര, സുനിത വിനു, ലീല വർഗീസ്, സാറാമ്മ റോബ്‌സൺ, വർഗീസ് കണ്ടംകുളത്തി, വിനേഷ് തയ്യിൽ, എബി വർഗീസ്, എൻ.എ.ഗോപകുമാർ ചർച്ചയിൽ പങ്കെടുത്തു.


ആകാശ പാതയിലും ആരോപണം

ആകാശപ്പാതയുടെ മേൽക്കൂരയിൽ ഷീറ്റ് വിരിക്കാൻ ഭരണാനുമതി ലഭിച്ച തുകയേക്കാൾ 16 ശതമാനം കുറവിൽ കരാർ നൽകിയത് ആസൂത്രിതമാണെന്ന് പ്രതിപക്ഷം. 90 ലക്ഷം രൂപയ്ക്കു ഭരണാനുമതി ലഭിച്ച ആകാശപ്പാത നിർമാണം കരാറുകാരൻ 64 ലക്ഷം രൂപ കരാറിൽ പൂർത്തീകരിച്ചത് എന്തിനാണ്.

ആകാശപ്പാതയുടെ നിർമാണത്തുക 5 കോടിയിൽനിന്ന് 11 കോടി രൂപയിൽ എത്തിയത് എങ്ങനെയെന്ന് ജോൺ ഡാനിയൽ ആരോപിച്ചു.
ആകാശപ്പാതയ്ക്ക് വേണ്ടി റോഡ് കെട്ടിയടച്ചതോടെ വ്യാപാരികളുടെ കച്ചവടം മുട്ടിയെന്നും വ്യാപാരികളുടെ ബുദ്ധിമുട്ടു പരിഗണിച്ച് നടപടികൾ വേണമെന്നും സ്ഥലം കൗൺസിലർ സിന്ധു ആന്റോ ചാക്കോള ആവശ്യപ്പെട്ടു.

ശക്തൻ നഗർ വികസനം വേഗത്തിലാക്കും: മേയർ


1987 മുതൽ പഴയ മുനിസിപ്പാലിറ്റിയും എനാർക് കൺസ്ട്രക്ഷൻസും തമ്മിലുള്ള തർക്കം മൂലം തടസപ്പെട്ട ശക്തൻ നഗർ സമഗ്ര വികസനത്തിന് പരിഹാരമായെന്നും വികസന നടപടികൾ അതിവേഗത്തിലാക്കാൻ തീരുമാനച്ചാതായും മേയർ എം.കെ.വർഗീസ്. സർക്കാർ ബജറ്റിൽ അനുവദിച്ച 10 കോടി രൂപയും പി.ബാലചന്ദ്രൻ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നുള്ള 10 കോടി രൂപയും ഉൾപ്പെടെ 20 കോടി രൂപയുടെ പ്രാരംഭ വികസന പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്.