1

ചെറുതുരുത്തി: 20 വർഷം മുൻപ് ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ അംഗബലം 38. കേസുകളും വ്യവഹാരങ്ങളും വർദ്ധിച്ചിട്ടും ഇന്നും ആ എണ്ണത്തിൽ മാറ്റമില്ല. ഇതിൽ ആറുപേർ മറ്റ് സ്ഥലങ്ങളിൽ ഡ്യൂട്ടിയിലാണ്. ആറ് പേർക്ക് രാത്രി ഡ്യൂട്ടി, നാലുപേർക്ക് കോടതി, പിന്നെ കുറച്ചുപേർ മെഡിക്കൽ ലീവിൽ... ഇതെല്ലാം കഴിഞ്ഞ് സ്റ്റേഷനിലുള്ളത് വിരലിലെണ്ണാവുന്നവർ മാത്രം.

പൊലീസുകാരുടെ കുറവ് മൂലം കേസ് അന്വേഷണം ഇഴയുകയാണ്. പലർക്കും 24 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടിവരുന്നു. മൂന്ന് ജീപ്പുകളുണ്ടെങ്കിലും ഒരേയൊരു ഡ്രൈവർ മാത്രം. ഇയാൾക്ക് ഓരോ ജീപ്പും മാറിമാറി ഓടിക്കണം. ആറ് ഡ്യൂട്ടി കഴിഞ്ഞാൽ ഒരു ലീവ് എടുക്കാമെന്ന നിർദ്ദേശമൊന്നും ഇവിടെ നടപ്പാകാറേയില്ല. അന്യജില്ലക്കാരായ എട്ടോളം പൊലീസുകാർക്ക് 15 ദിവസത്തിനിടെ കിട്ടുന്ന രണ്ട് ലീവ് കൊണ്ട് വീട്ടിൽ പോയിവരാൻ കഴിയുന്നില്ലെന്ന പരാതിയുമുണ്ട്.

വനിതാ പൊലീസ് ഉദ്യോഗസ്ഥരും ആവശ്യത്തിനില്ല. രണ്ട് എ.എസ്.ഐമാരും രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരും മാത്രമേ വനിതകളായുള്ളൂ. രണ്ടും മൂന്നും ഡ്യൂട്ടികൾ ഒരുമിച്ച് എടുക്കേണ്ടി വരുന്നതിനാൽ സ്വന്തം വീട്ടുകാര്യം പോലും നോക്കാനാകുന്നില്ലെന്നതാണ് ഇവരുടെ സ്ഥിതി. സ്റ്റേഷൻ പരിധിയിലുള്ള മൂന്ന് സ്‌കൂളുകളിൽ ആഴ്ചയിൽ രണ്ടുദിവസം ആറുപേർക്ക് എസ്.പി.ജി ക്ലാസുകളുമുണ്ട്.

ഒരു ബൈക്ക് മാത്രമേ സ്റ്റേഷനിലുള്ളൂ എന്നതിനാൽ പട്രോളിംഗ്, തപാൽ, കോടതി, പാസ്പോർട്ട് വെരിഫിക്കേഷൻ, കോടതി സമൻസ് തുടങ്ങിയവയ്ക്ക് സ്വന്തം ബൈക്കിൽ തന്നെ പൊലീസുകാർ പോകണം. അന്യസംസ്ഥാനങ്ങളിൽ അന്വേഷണത്തിന് പോകുന്നവർക്ക് ഡി.എ കിട്ടിയിട്ട് ഒരു വർഷത്തിലധികമായി. ഇപ്പോൾ സ്റ്റേഷനിൽ ഒരു സി.ഐ, ഒരു പ്രിൻസിപ്പൽ എസ്.ഐ, രണ്ട് ഗ്രേഡ് എസ്.ഐമാർ, നാല് അഡീഷണൽ എസ്.ഐ മാർ, 30 പോലീസുകാർ എന്നിങ്ങനെയാണുള്ളത്.

വിശ്രമ സൗകര്യങ്ങളില്ല, ക്വാർട്ടേഴ്സില്ല

ചെറുതുരുത്തി സ്റ്റേഷനിൽ വിശ്രമ മുറികളോ ക്വാർട്ടേഴ്സോ ഇല്ല. സ്റ്റേഷന്റെ എട്ടുകിലോമീറ്റർ പരിധിക്കുള്ളിൽ പൊലീസുകാർ താമസിക്കണം. എന്നാൽ വാടക വീടിന് അനുവദിക്കുന്നത് എസ്.ഐക്ക് 2000 രൂപയും പൊലീസുകാർക്ക് 1500 രൂപയും മാത്രം.

സ്റ്റേഷനിൽ വേണ്ടത്ര ചെയറുകൾ ഇല്ലാത്തതിനാൽ ഒന്ന് ഇരിക്കണമെങ്കിൽ മറ്റൊരു പൊലീസ് ഓഫീസർ എഴുന്നേൽക്കണം. ടൂറിസ്റ്റുകൾക്കായി പണിത കെട്ടിടത്തിലാണ് ഇപ്പോൾ പൊലീസുകാരുടെ വിശ്രമം. സി.ഐ ഉൾപ്പെടെയുള്ളവരുടെ ഓഫീസ് ഷീറ്റ് മേഞ്ഞ താത്കാലിക കെട്ടിടത്തിലാണ്. സ്റ്റേഷനിൽ ആകെയൊരു ബാത്ത് റൂം മാത്രമേയുള്ളൂ. പ്രാഥമിക കൃത്യം നിർവഹിക്കുന്നതിന് പോലും ഇവിടെ ക്യൂ നിൽക്കണം.

ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്ത് നിന്നു വേണം വസ്ത്രം മാറാനും മറ്റും. ഓഫീസുകൾ പേപ്പർരഹിതമാക്കിയെങ്കിലും പേപ്പറുകളും മറ്റും കിട്ടാനില്ല. പഴക്കം ചെന്ന കമ്പ്യൂട്ടറുകളും ഉപയോഗശൂന്യമായ പ്രിന്ററും രണ്ട് ലാപ്‌ ടോപ്പുകളും മാത്രമാണുള്ളത്. ഓഫീസ് ജോലികൾ നടത്തണമെങ്കിൽ സ്വന്തം വീട്ടിൽ നിന്നും ലാപ്ടോപ്പും ഇന്റർനെറ്റ് സംവിധാനവും കൊണ്ടുവരേണ്ട സ്ഥിതിയാണ്.

സ്റ്റേഷനിൽ വരുന്ന കുട്ടികൾക്ക് വിശ്രമിക്കുന്നതിനും മൊഴിയെടുക്കുന്നതിനും ആവശ്യമായ ശിശുസൗഹൃദ മുറിയും ചെറുതുരുത്തിയിലില്ല.

സുരക്ഷയില്ല, ഒരു ലാത്തി പോലും !

സമരങ്ങൾ ഉൾപ്പെടെ നേരിടുന്നതിന് ആവശ്യമായ ലാത്തികൾ പോലും ഇല്ലെന്നതാണ് സ്ഥിതി. ഭാരതപ്പുഴയുടെ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സ്റ്റേഷനിൽ വെള്ളത്തിലിറങ്ങുന്നതിനുള്ള ഒരു സംവിധാനവും ഇവിടെയില്ല. പല കേസുകളിലായി പിടികൂടിയ വാഹനങ്ങൾ നിറുത്തിയിടുന്നതിനാൽ സ്റ്റേഷനിലെ ജീപ്പുകൾ പോലും നിറുത്താൻ ഇടമില്ലാത്ത സ്ഥിതിയാണ്. പാർക്കിംഗ് ഷെഡ്ഡിൽ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടിയത് സൂക്ഷിച്ചിരിക്കുകയാണ്.