
തൃശൂർ: കേന്ദ്രവിഹിതം കിട്ടിയില്ലെന്ന പേരിൽ സ്‌കൂൾ പാചകത്തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയത്തിൽ ആയിരത്തോളം രൂപ സംസ്ഥാന സർക്കാർ കുറവു വരുത്തിയെന്ന് ആക്ഷേപം. ഒരു തൊഴിലാളിക്ക് സ്‌കൂൾ പ്രവൃത്തിദിനങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിമാസം 12,000 മുതൽ 13,500 രൂപ വരെ ലഭിക്കാം. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ 600 രൂപ കേന്ദ്രവിഹിതവും 400 രൂപ സംസ്ഥാന വിഹിതവും കുറവ് വരുത്തിയത്. കേന്ദ്രവിഹിതം കിട്ടിയില്ലെന്നത് ശരിയല്ലെന്നും ഒന്നര മാസം മുമ്പ് ലഭിച്ചിട്ടുണ്ടെന്നുമാണ് തൊഴിലാളികൾ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാകാം ഇക്കാര്യം മറച്ചുവയ്ക്കുന്നത്.
മൂന്ന് വർഷമായി യഥാസമയം ഓണറേറിയം കിട്ടുന്നില്ല. പരിമിതമായെങ്കിലും വർഷാവർഷം ഓണറേറിയം വർദ്ധിപ്പിച്ചിരുന്ന പതിവും നിറുത്തി. 500 കുട്ടികൾക്ക് ഒരു തൊഴിലാളി ഭക്ഷണമുണ്ടാക്കണമെന്ന സർക്കാർ തീരുമാനത്തെ തുടർന്ന് ഗണ്യമായ വിഭാഗം തൊഴിലാളികളുടെ ദിവസക്കൂലി കുറഞ്ഞു. ഒരു തൊഴിലാളി പോരാത്തതിനാൽ സഹായിയെ വയ്ക്കണം. കിട്ടുന്നതിൽ പകുതി അവർക്ക് കൊടുക്കണം. ഇ.എസ്.ഐയും പി.എഫും വാഗ്ദാനം ചെയ്തതും നടപ്പായില്ല. മിനിമം വേതന പരിധിയിൽ നിന്നും ഒഴിവാക്കി. എന്നാൽ തമിഴ്‌നാട് സർക്കാർ ഇവരെ സ്ഥിരം ജീവനക്കാരാക്കിയത് ഉൾപ്പെടെ നിരവധി ആനുകൂല്യം നൽകുന്നുമുണ്ട്.
തമിഴ്‌നാടിന്റെ ആനുകൂല്യങ്ങൾ
പെൻഷനും വിരമിക്കൽ ആനുകൂല്യവും
500 കുട്ടികൾക്ക് മൂന്ന് തൊഴിലാളികൾ
ജനറൽ, സ്‌പെഷ്യൽ പി.എഫ്
പ്രസവാവധി, ഹെൽത്ത് ഇൻഷ്വറൻസ്
ഗ്രാറ്റുവിറ്റി, ഫെസ്റ്റിവൽ അഡ്വാൻസ്
ഫാമിലി ബെനിഫിറ്റ് ഫണ്ട്, ബോണസ്
എച്ച്.ആർ.എ, സി.സി.എ, ഹൈജീൻ കിറ്റ്
ഹിൽ, വിന്റർ, മെഡിക്കൽ അലവൻസ്...
തുച്ഛം പ്രതിഫലത്തിന് കഠിനാദ്ധ്വാനം ചെയ്യുന്ന തൊഴിലാളികൾക്ക് അർഹമായ പരിഗണന നൽകാൻ സർക്കാർ നടപടിയെടുക്കണം.
പി.ജി.മോഹനൻ
സംസ്ഥാന ജനറൽ സെക്രട്ടറി
സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി).