കൊടുങ്ങല്ലൂർ : ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചന്തപ്പുര- കോട്ടപ്പുറം ബൈപാസിലെ വാഹന ഗതാഗതം നിരോധിച്ചിട്ട് ഒരു വർഷമാകുമ്പോൾ ഗതാഗതകുരുക്കിൽ വീർപ്പുമുട്ടുകയാണ് കൊടുങ്ങല്ലൂർ. ബൈപാസ് അടച്ചതുമുതൽ ഗതാഗതത്തിരക്കും അപകടങ്ങളും ഇപ്പോഴും ദിനംപ്രതി അരങ്ങേറുകയാണ്. മണിക്കൂറിൽ ചെറുതും വലതുമായ നിരവധി വാഹനങ്ങളാണ് ഇതിലൂടെ ഇരുദിശകളിലേക്കും കടന്നുപോകുന്നത്. മണ്ഡലകാലം ആരംഭിക്കാനിരിക്കെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും കൂടി. ബൈപാസിലെ രണ്ട് പ്രധാന റോഡുകളും രണ്ട് സർവീസ് റോഡുകളും കുത്തിപ്പൊളിച്ചതോടെ പാടെ തകർന്ന സ്ഥിതിയിലാണ്. വാഹനയാത്ര ദുഷ്‌കരമായ ഈ റോഡുകളിൽ ചില ഭാഗങ്ങളിലാകട്ടെ നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ചിരിക്കയാണ്. റോഡിന്റെ തകർച്ച കൂടിയതോടെ വാഹനാപകട മരണങ്ങളും അനുദിനം നടക്കുന്നു. തൊഴിലാളികൾക്ക് താമസിക്കാനുള്ള ഷെഡും താത്കാലിക കക്കൂസുകളും ബൈപാസിൽ തന്നെയാണുള്ളത്.
ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഗതാഗത ക്രമീകരണങ്ങൾ യാതൊരു കൂടിയാലോചനകളുമില്ലാതെ ദേശീയപാത അതോറിറ്റിയും കരാറുകാരനും നടപ്പാക്കുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുന്നത്. ബൈപാസിലെ വാഹന ഗതാഗതം നിരോധിക്കുകയും മറ്റ് റോഡുകൾ കുത്തിപ്പൊളിച്ചത് പൂർവസ്ഥിതിയിലാക്കതിരിക്കുകയും ചെയ്തത് മൂലം ഗതാഗതത്തിരക്കും അപകടങ്ങളുമേറി.
പ്രശ്‌നം വഷളാക്കുന്നത് ഏകപക്ഷീയ തീരുമാനങ്ങൾ
ദേശീയപാത നിർമ്മാണം നടക്കുമ്പോൾ പ്രാദേശിക ഭരണകൂടവുമായി കൂടിയാലോചന നടത്തി ജനങ്ങൾക്ക് സുഗമമായ ഗതാഗത സംവിധാനം ഒരുക്കണമെന്ന കേന്ദ്ര നിയമം ലംഘിക്കുകയാണ് ദേശീയപാത അതോറിറ്റിയും കരാറുകാരനും. ദേശീയപാത നിർമ്മാണം നടക്കുന്ന മറ്റെവിടെയുമില്ലാത്ത വിധമാണ് കൊടുങ്ങല്ലൂരിൽ പൊതുഗതാഗതം താറുമാറാക്കിയിരിക്കുന്നത്. സർവീസ് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് ഉണ്ടാകുമായിരുന്നില്ല.
റോഡ് വികസനത്തിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സങ്ങൾ ഉണ്ടാക്കാൻ പാടില്ല. സർവീസ് റോഡിൽ ഗതാഗതം അനുവദിക്കാമെന്ന് പറയുന്നതല്ലാതെ തുറക്കുന്നില്ല.
- ടി.കെ. ഗീത
(നഗരസഭ ചെയർപേഴ്‌സൻ)
ചന്തപ്പുര മുതൽ വടക്കെനട വരെ വലിയ വാഹനങ്ങൾ പോകുന്നത് മൂലം പൊടിശല്യവും ഗതാഗത കുരുക്കും രൂക്ഷമാണ്. ഇതിനിടയിലും ചന്തപ്പുര പുതിയ പാലത്തിനടിയിൽ നിന്ന് പൊലീസ് വാഹന ഉടമകൾക്ക് ഫൈൻ എഴുതി കൊടുത്ത് ദ്രോഹിക്കുകയാണ്.
-ഇ.എസ്. സാബു
(ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്)
ഭരണാധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നിർദ്ദേശവും ഉണ്ടാവാത്തതുമൂലം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനി തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു. ഗതാഗതക്കുരുക്കിനും റോഡുകളുടെ ശോചനീയാവസ്ഥയ്ക്കും എത്രയും പെട്ടെന്ന് പരിഹാരം കാണണം
- കെ.എസ്. വിനോദ്
(ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ്)