ചാലക്കുടി: എലിഞ്ഞിപ്ര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. നവകേരള പദ്ധതി ആർദ്രം നാഷണൽ ഹെൽത്ത് മിഷൻ മുഖേന 37.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഭൗതിക സാഹചര്യങ്ങൾ വിപുലീകരിച്ച് നിർമ്മാണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാൽ ഉദ്ഘാടനം നടത്തും. 2023 ൽ സർക്കാർ ഉത്തരവ് പ്രകാരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. അത്യാധുനിക ലാബ് സൗകര്യം, ഫാർമസി, പൊതുജനാരോഗ്യ വിഭാഗം, മാതൃ ശിശു സംരക്ഷണ വിഭാഗം, പാലിയേറ്റീവ് കെയർ, ഫിസിയോ തെറാപ്പി, ഒ.പി, ഐ.പി. സേവനം എന്നീ സൗകര്യങ്ങൾ ആരോഗ്യ കേന്ദ്രത്തിലുണ്ട്.
കേന്ദ്ര, സംസ്ഥാന ആരോഗ്യ പദ്ധതികളുടെ ബ്ലോക്ക് തല നടത്തിപ്പും ഇവിടെയാണ്. 60 ഓളം ജീവനക്കാരും 28 ഓളം ആശാ പ്രവർത്തകരും ഈ ആശുപത്രിയിൽ സേവനത്തിനുണ്ട്.
മെച്ചപ്പെട്ട സേവനം ജനങ്ങൾക്ക് നൽകാകും
ബ്ലോക്ക് കുടുംബാരോഗ്യമായി ഉയർത്തിയതിലൂടെ കൂടുതൽ മെച്ചപ്പെട്ട സേവനം ജനങ്ങൾക്ക് നൽകാനാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനും വഴിയൊരുക്കും. കോവിഡ് കാലത്ത് നിറുത്തി വച്ച കിടത്തിച്ചികിത്സ കൂടുതൽ കാര്യക്ഷമമായി സജ്ജമാക്കുമെന്നും പറഞ്ഞു. ലീനാ ഡേവിസ്, പി.കെ. ജേക്കബ്, ബീന രവീന്ദ്രൻ, എം.ഡി. ബാഹുലേയൻ, വനജ ദിവാകരൻ, ഇന്ദിര പ്രകാശൻ, ഹെൽത്ത് സൂപ്രണ്ട് സഹദേവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.