വടക്കാഞ്ചേരി: 162-ാം വാർഷിക നിറവിൽ നിലകൊള്ളുന്ന മുൻസിഫ് മജിസ്‌ട്രേറ്റ് കോടതികൾക്ക് ഭൂമി അനുവദിച്ച് ഉത്തരവ്. വടക്കാഞ്ചേരി ഗവ.ഗേൾസ് ഹൈസ്‌കൂളിന് സമീപം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റിയൂട്ട് ക്യാമ്പസിൽ നിന്ന് 63.6 സെന്റ് ഭൂമി കോടതി സമുച്ചയ നിർമ്മാണത്തിന് അനുവദിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിറുത്തി കൈവശാവകാശം വ്യവസ്ഥകളോടെ നീതിന്യായ വകുപ്പിന് കൈമാറുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. ആകെയുള്ള 118.6 സെന്റ് ഭൂമിയിൽ നിന്നാണ് 63.6 സെന്റ് സ്ഥലം നൽകുന്നത്. സെൻട്രലി സ്‌പോൺസേർഡ് സ്‌കീം ഫോർ ദ ഡവലപ്‌മെന്റ് ഓഫ് ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടും ആനുപാതികമായി സംസ്ഥാന സർക്കാർ ഫണ്ടും പ്രയോജനപ്പെടുത്തിയാണ് നിർമ്മാണം.

നവീകരണത്തിന്
ബഡ്ജറ്റിൽ 10 കോടി

1862 ഒക്ടോബർ 17നാണ് മുൻസിഫ് കോടതി നിലവിൽ വന്നത്. പുരാതന കെട്ടിടം നവീകരിക്കാനും അത്യന്താധുനിക കോടതി സമുച്ചയം നിർമ്മിക്കാനും 2023 ലെ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ചിരുന്നു. കൊച്ചി ലജിസ്ലേറ്റീവ് അസംബ്ലിയിൽ അഞ്ച് തവണ എം.എൽ.സിയായിരുന്ന പി.കുമാരനെഴുത്തച്ഛൻ, മകളുടെ ഭർത്താവ് വി. ആർ കൃഷ്ണനെഴുത്തച്ഛൻ എന്നിവർ ഈ കോടതിയിൽ പ്രാക്ടീസ് ചെയ്ത പ്രമുഖരാണ്. തോന്നൂർക്കര കോന്നനാത്ത് വീട്ടിൽ കെ.ഭാമദേവിയായിരുന്നു ആദ്യത്തെ വനിതാവക്കീൽ.