
എരുമപ്പെട്ടി: സി.പി.എം കോട്ടകളിൽ ജനകീയ വിഷയങ്ങളിൽ ഇടപെട്ട് പി.വി.അൻവർ എം.എൽ.എ. പാലക്കാടും ചേലക്കരയിലും സ്വതന്ത്ര സ്ഥാനാർത്ഥികളെ നിറുത്തുമെന്ന് സൂചന. ചേലക്കര നിയോജക മണ്ഡലത്തിലെ വരവൂർ പഞ്ചായത്തിൽ തളി നടുവട്ടം മേഖലയിലെ അറവുമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പി.വി.അൻവർ എം.എൽ.എ സ്ഥലം സന്ദർശിച്ചു. സ്ഥലം മുൻ എം.എൽ.എയായിരുന്ന കെ.രാധാകൃഷ്ണൻ ദീർഘനാൾ സമരം നടന്നിട്ടും സ്ഥലം സന്ദർശിച്ചിരുന്നില്ല. സി.പി.എമ്മിന് മേൽക്കൈയുള്ള പ്രദേശമാണിത്. ഡി.എം.കെ സ്വതന്ത്ര സ്ഥാനാർത്ഥികളെ പാലക്കാടും, ചേലക്കരയിലും നിറുത്തുമെന്ന് സൂചന നൽകിയതായി അറിയുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റും, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ആക്‌ഷൻ കൗൺസിൽ രക്ഷാധികാരിയായ സി.യു.അബൂബക്കർ, ഫസലുള്ള എന്നിവർ അൻവറിനൊപ്പമുണ്ടായിരുന്നു.