cash

തൃശൂർ: സി.സി.ടി.വി ക്യാമറകളുടെ സർവയലൻസ് ഡാറ്റാ സ്റ്റോറേജ് സെന്റർ പ്രവർത്തനം തുടങ്ങിയതോടെ നഗരത്തിൽ സുരക്ഷ ശക്തം. മുന്നൂറോളം ക്യാമറകളുടെ ഏകോപിച്ചുള്ള പ്രവർത്തനം ഇതിലൂടെ സാദ്ധ്യമാകും. വ്യാപാരികളുടെ സഹകരണത്തോടെ സ്ഥാപിച്ച ക്യാമറകളാണ് ഡാറ്റാ സ്റ്റോറേജിലൂടെ ഏകോപിപ്പിച്ച് പ്രവർത്തിക്കുക. പി. ബാലചന്ദ്രൻ എം.എൽ.എ അനുവദിച്ച പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ചാണ് ക്യാമറ സർവയലൻസ് ഡാറ്റാ സ്റ്റോറേജ് സെന്റർ സ്ഥാപിച്ചത്.

കഴിഞ്ഞവർഷം എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് തൃശൂർ സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും, ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിലും സ്ഥാപിച്ച അത്യാധുനിക ക്യാമറ സംവിധാനവും, ലൈറ്റിംഗ് സംവിധാനവും പ്രവർത്തനം തുടങ്ങിയിരുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ 31 ക്യാമറകളും 22 ഹൈപവർ ലൈറ്റുകളും ശക്തൻ തമ്പുരാൻ നഗർ ബസ് സ്റ്റാൻഡിൽ 33 ക്യാമറകളും, 26 ഹൈപവർ ലൈറ്റുകളുമായിരുന്നു അന്ന് ഘടിപ്പിച്ചത്.

ക്യാമറ സർവയലൻസ് ഡാറ്റാ സ്റ്റോറേജ് സെന്ററിന്റെ ഉപകരണത്തിന്റെ സ്വച്ച് ഓൺ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ നിർവഹിച്ചു.

തൃശൂർ അഡീഷണൽ എസ്.പി: കെ.കെ. ശശിധരൻ, എ.സി.പി: സലീഷ് എൻ. ശങ്കരൻ ഈസ്റ്റ് ഇൻസ്‌പെക്ടർ എം.ജെ. ജിജോ, വെസ്റ്റ് ഇൻസ്‌പെക്ടർ പി. ലാൽകുമാർ, കൺട്രോൾ റൂം ഇൻസ്‌പെക്ടർ പി.ഡി. സുനിൽകുമാർ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സബ് ഇൻസ്‌പെക്ടർ കെ.സി. ബൈജു, ട്രഷറർ എൻ.എസ്. സജീവൻ എന്നിവർ പങ്കെടുത്തു.

ക്യാമറക്കണ്ണിലൂടെ തിരികെ കിട്ടിയത് കളഞ്ഞുപോയ അരലക്ഷം

കുട്ടൻകുളങ്ങര സ്വദേശിയുടെ കളഞ്ഞുപോയ അരലക്ഷം രൂപയാണ് സി.സി.ടി.വി ക്യാമറകളിലെ മൂന്നുമണിക്കൂർ നീണ്ട പരിശോധനയ്‌ക്കൊടുവിൽ കണ്ടെത്തിയത്. 15ന് ഉച്ചയ്ക്കാണ് പണം അടങ്ങിയ സഞ്ചിയുമായി തൃശൂർ പാലസ് റോഡിലെത്തിയ കുട്ടൻകുളങ്ങര സ്വദേശിയുടെ സഞ്ചിയിൽ നിന്നും അമ്പതിനായിരം രൂപയുടെ ഒരുകെട്ട് നോട്ട് വീണുപോയത്. പണം നഷ്ടപ്പെട്ടത് അറിഞ്ഞയുടൻ വിവരം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ഈസ്റ്റ് ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ ഷിബു, സിവിൽ പൊലീസ് ഓഫീസർ അനീഷ് എന്നിവർ ചേർന്ന് ക്യാമറ കൺട്രോളിലെത്തി ദൃശ്യങ്ങൾ പരിശോധിച്ചു. മൂന്ന് മണിക്കൂർ നടത്തിയ സൂക്ഷ്മ പരിശോധനയ്‌ക്കൊടുവിൽ പണം ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്ക് കിട്ടിയതായി ദൃശ്യങ്ങളിൽ തെളിഞ്ഞു. അന്വേഷണത്തിൽ ഓട്ടോറിക്ഷക്കാരനെ കണ്ടെത്തി. നഷ്ടപെട്ട തുക കൺട്രോൾ റൂമിന്റെ പുതിയ കെട്ടിടത്തിലെ ക്യാമറ സർവയലൻസ് ഡാറ്റ സ്റ്റോറേജ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ കമ്മിഷണർ ഉടമസ്ഥന് തിരികെ നൽകിയിരുന്നു.


ചെലവ്: 25 ലക്ഷം രൂപ

ക്യാമറകളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനും സമൂഹത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനും സാദ്ധ്യമാകും.

- ആർ. ഇളങ്കോ, സിറ്റി പൊലീസ് കമ്മിഷണർ