വടക്കാഞ്ചേരി: ഭീതിവിതച്ച് കാട്ടാനകൾ കാടിറങ്ങുമ്പോൾ കാട്ടാനശല്യം നേരിടാനുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടും നടപ്പാക്കാതെ അധികൃതർ. ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിൽ കാട്ടാനശല്യം നേരിടാൻ രാഷ്ട്രീയ കൃഷി വികാസ് യോജന ( ആർ. കെ.വി.വൈ ) പദ്ധതിയിൽ 78.6 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് മാസങ്ങൾക്ക് മുമ്പ് ലഭിച്ചത്. തെക്കുംകര,വരവൂർ, മുള്ളൂർക്കര, ദേശമംഗലം, എരുമപ്പെട്ടിപഞ്ചായത്തുകളിലെയും വടക്കാഞ്ചേരി നഗരസഭയിലെയും വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കാട്ടാനകളുടെ ശല്യം വർദ്ധിച്ച് വരുകയാണ്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ നിരവധി തവണ അവലോകനയോഗങ്ങൾ നടന്നെങ്കിലും പരിഹാരം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

അകമലയിൽ വീണ്ടും കൊമ്പൻ

അകമല പട്ടാണിക്കാട് പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി. പൂക്കുന്നത്ത് ബാബുവിന്റെ കൃഷി വ്യാപകമായി നശിപ്പിച്ചു. 26 തെങ്ങുകളും നിരവധി വാഴകളും കുത്തി മറിച്ചിട്ടു. ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന നിലയുറപ്പിച്ചു. പിന്നീട് കാടുകയറിയ ആന വീണ്ടും പുലർച്ചെ തിരിച്ചെത്തി ബാബു സ്ഥാപിച്ച സോളാർ വേലികളും സുരക്ഷാ സംവിധാനങ്ങളും തകർത്തു. അകമല ശ്രീധർമ്മശാസ്താ ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റും ഉത്രാളിപ്പൂരം എങ്കക്കാട് വിഭാഗം രക്ഷാധികാരിയുമായ ബാബു അത്ഭുകരമായാണ് രക്ഷപ്പെട്ടത്. തുടർന്ന് റെസ്‌ക്യു വാച്ചർമാർ സ്ഥലത്തെത്തി ഗുണ്ട് പൊട്ടിച്ചും പാട്ടകൊട്ടിയുമാണ് ആനയെ കാടുകയറ്റിയത്.


പ്രഖ്യാപനങ്ങൾ കൊണ്ട് ജനങ്ങൾക്ക് ഒരു കാര്യവുമില്ല. ആനക്കൊമ്പിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ അധികൃതർ എന്തെങ്കിലും ചെയ്യണം.
കുതിരാൻ തുരങ്കം തുറന്നതിനു പിന്നാലെയാണ് അകമല മേഖലയിലെ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടത്. ദുരന്തം സംഭവിച്ചതിനുശേഷം എന്തെങ്കിലും ചെയ്യുക എന്ന നിലപാട് അധികൃതർ തിരുത്തണം

- ബാബു പൂക്കുന്നത്
പൊതുപ്രവർത്തകൻ