
കൊടകര: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കദളിപ്പഴം നൽകാൻ കദളി വനം പദ്ധതി ആവിഷ്കരിച്ച മറ്റത്തൂർ ലേബർ സഹകരണ സംഘം മറ്റത്തൂരിനെ ആയുർവേദ ഹബ്ബാക്കി മാറ്റാനൊരുങ്ങുന്നു. ഔഷധ സസ്യക്കൃഷിയിൽ ഗവേഷണം നടത്താനും ഔഷധ സസ്യങ്ങളുടെ ഫാം ടൂറിസം പദ്ധതിക്കും ഔഷധ സസ്യബോർഡിന്റെ സഹകരണത്തോടെ ഹബ്ബാക്കി മാറ്റാനുമാണ് സംഘം പദ്ധതി തയ്യാറാക്കുന്നത്.
സംസ്ഥാന ഔഷധസസ്യ ബോർഡ്, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഔഷധി എന്നിവരുടെ സഹകരണത്തോടെ ഔഷധ സസ്യ സംസ്‌കരണ കേന്ദ്രമാണ് ആദ്യത്തെ ലക്ഷ്യം. സഹകരണ വകുപ്പിൽ നിന്നും രണ്ട് കോടിയും സംഘം ഫണ്ട് ഒരു കോടിയും ഉപയോഗിക്കും.
അഞ്ച് വർഷം കൊണ്ട് അഞ്ച് ഘട്ടമായി പൂർണമായി നടപ്പിലാക്കുന്നതോടെ 250 പേർക്ക് നേരിട്ട് തൊഴിൽ നൽകാനാകും. ഔഷധിയുമായും, സ്വകാര്യ ആയുർവേദ മരുന്നുത്പാദകരുമായി ദീർഘകാല അടിസ്ഥാനത്തിൽ വിപണനം ഉറപ്പു വരുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്. കുറുന്തോട്ടി ഉൾപ്പെടെയുള്ള പച്ചമരുന്നുകൾ ഔഷധനിർമ്മാതാക്കൾക്ക് നേരിട്ട് മരുന്ന് നിർമ്മാണത്തിനായെടുക്കാം. ഇവ കേക്ക് രൂപത്തിൽ സൊസൈറ്റിയിൽ നിന്നും ലഭിക്കും. പ്രതിവർഷം ആയിരം ടൗൺ ഔഷധ സസ്യങ്ങൾ സംസ്‌കരിക്കാനുള്ള ശേഷി കേന്ദ്രത്തിനുണ്ടാകും.
സംസ്ഥാന ഔഷധസസ്യ ബോർഡ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഏകോപനത്തിലൂടെ അഞ്ച് വർഷം കൊണ്ട് ആയിരം ഏക്കർ സ്ഥലത്ത് ഔഷധ സസ്യക്കൃഷി വ്യാപിപ്പിക്കും. കൃഷിക്കായി ഓരോ ജില്ലയിലും ക്ലസ്റ്ററുകളും സംഘമുണ്ടാക്കും. കർഷകർ ഉത്പാദിപ്പിക്കുന്ന കുറുന്തോട്ടി മുതലായ ഔഷധസസ്യങ്ങൾ ക്ലസ്റ്ററുകൾ വഴി സംഭരിച്ച് കേന്ദ്രത്തിലെത്തിച്ച് കഴുകി, ഉണക്കി പൊടിച്ച്, കംപ്രസ്സ് ചെയ്ത് ബ്രിക്ക് രൂപത്തിലാക്കി വിൽക്കും.
അഞ്ച് ഘട്ടത്തിൽ സമ്പൂർണം
1ാം ഘട്ടം
ഉത്പന്നം ധാരണയിലുള്ള ഔഷധ നിർമ്മാതാക്കൾക്ക്
2ാം ഘട്ടം
ചെറുകിട ആയുർവേദ മരുന്നുനിർമ്മാണ ശാലകൾക്ക്
3ാം ഘട്ടം
ആയുർവേദ മരുന്ന് വിപണന ഷോപ്പുകളിലേക്ക്
പാവക്ക, നെല്ലിക്ക, കറ്റാർവാഴ പോലെയുള്ളവ ജ്യൂസാക്കി വിൽക്കൽ
4ാം ഘട്ടം
മരുന്നുകൂട്ടുകൾ അടക്കം പാക്ക് ചെയ്ത് ആയുർവേദ ഡോക്ടർമാർക്ക് ലഭ്യമാക്കാനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം
5ാം ഘട്ടം മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കലും കയറ്റുമതിയും
സംസ്‌കരിക്കാനാകുക ആയിരം ടൺ ഔഷധസസ്യം
തൊഴിൽ
250 പേർക്ക് നേരിട്ട്
ഔഷധ സസ്യക്കൃഷി പ്രോത്സാഹിപ്പിക്കുക വഴി 1,500 കർഷകർക്ക്
സസ്യങ്ങൾ ശേഖരിക്കുന്ന 1000ൽപരം ഗ്രാമീണർക്ക് + 500ൽപരം ആദിവാസികൾക്ക്