c

നെടുപുഴ: തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുരിയച്ചിറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ അദ്ധ്യാപികയായ തിരൂർ സ്വദേശി സെലിൻ(29) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. നെടുപുഴ പൊലീസ് ബുധനാഴ്ച രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ അദ്ധ്യാപികയ്ക്ക് ജാമ്യം ലഭിച്ചു.കേസ് ഇന്ന് പരിഗണിക്കും.ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചറായ സെലിൻ അഞ്ചുവയസുകാരനെ ചൂരലുകൊണ്ട് ഇരു കാൽമുട്ടിനും താഴെ അടിച്ചത്.

രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. സ്‌കൂൾ മാനേജ്‌മെന്റിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്യാതിരുന്നതെന്നാണ് രക്ഷിതാവിന്റെ ആരോപണം. സംഭവത്തെ തുടർന്ന് അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തു.