
ചേലക്കര: പി.സരിൻ തനിക്കും കോൺഗ്രസിനുമെതിരെ പറഞ്ഞത് മന്ത്രി എം.ബി.രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാൻ കഴിയില്ലെന്ന് കണ്ടപ്പോഴാണ് സരിൻ ആദ്യം ബി.ജെ.പിയെയും പിന്നീട് സി.പി.എമ്മിനെയും സമീപിച്ചത്. സി.പി.എം അതിൽ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ ആദ്യപടിയായിട്ടാണ് അദ്ദേഹത്തിന്റെ വാർത്താസമ്മേളനം. സി.പി.എം എം.എൽ.എമാരും മന്ത്രിമാരും തന്നെക്കുറിച്ച് നിയമസഭയിൽ പറഞ്ഞ അതേ കാര്യങ്ങളാണ് സരിനും ആവർത്തിക്കുന്നത്. താൻ അഹങ്കാരിയാണ്, ധാർഷ്ട്യക്കാരനാണ് എന്നൊക്കെ സി.പി.എം പറയുന്നതിൽ പരാതിയില്ല.. സരിൻ പറഞ്ഞതെല്ലാം സി.പി.എമ്മിന്റെ വാക്കുകളാണ്. അതിനപ്പുറത്തൊന്നും കാണുന്നില്ല. കോൺഗ്രസിലെ സംവിധാനമനുസരിച്ചാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. കെ.പി.സി.സി പ്രസിഡന്റും രമേശ് ചെന്നിത്തലയും ഞാനും കൂടിച്ചേർന്നാണ് തീരുമാനമെടുത്തത്. എല്ലാ മുതിർന്ന നേതാക്കളോടും കൂടിയാലോചിച്ചു. ഇന്നലെ അദ്ദേഹത്തോട് ദേഷ്യപ്പെട്ടുവെന്നാണ് പരാതി. അദ്ദേഹം ഒരു ദിവസം ചാനലിൽ വന്നിരുന്നു പ്രതിപക്ഷത്തെ ഒന്നടങ്കം അധിക്ഷേപിച്ചു. അതിനു ശേഷം സ്ഥാനാർത്ഥിയാകണമെന്ന് പറഞ്ഞു വരുന്ന ഒരാളോട് ദേഷ്യം കാണിക്കാനേ എനിക്കറിയൂ. എന്തുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ പാലക്കാട് സീറ്റിലേക്ക് ആലോചിക്കുക പോലും ചെയ്യാതിരുന്നതെന്ന് ഇന്നലെ വാർത്താസമ്മേളനം കണ്ട എല്ലാവർക്കും മനസിലായതാണ്- സതീശൻ പറഞ്ഞു.