തൃശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം കാത്ത് എൽ.ഡി.എഫ് - എൻ.ഡി.എ അണികൾ. സി.പി.എമ്മും ബി.ജെ.പിയും ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞെങ്കിലും പാലക്കാട്ടെ രാഷ്ട്രീയ നീക്കമാണ് പ്രഖ്യാപനം വൈകുന്നത്. രണ്ടിടത്തും ഒരുമിച്ച് പ്രഖ്യാപിക്കാനാണ് തീരുമാനം. സി.പി.എം സംസ്ഥാന സെക്രട്ടറി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. പ്രചാരണ രംഗത്തേക്കിറങ്ങാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരിക്കുകയാണ് ഇരുമുന്നണികളും.
എൽ.ഡി.എഫിൽ യു.ആർ. പ്രദീപും എൻ.ഡി.എയിൽ കെ. ബാലകൃഷ്ണനുമാണ് സ്ഥാനാർത്ഥികളാകാൻ കൂടുതൽ സാദ്ധ്യത. ഇരുവരും പ്രത്യക്ഷ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ലെങ്കിലും വ്യക്തിബന്ധങ്ങൾ കേന്ദ്രീകരിച്ചുള്ള അണിയറ പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്. യു.ആർ. പ്രദീപ് ഇന്നലെ പാർട്ടി പരിപാടികളിൽ സജീവമായിരുന്നു.
പ്രചാരണം സജീവമാക്കി രമ്യ ഹരിദാസ്
സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ രണ്ട് ദിവസമാകുമ്പോഴേക്കും നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പൂർത്തിയാക്കിയാണ് യു.ഡി.എഫ് മുന്നേറ്റം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ ഉന്നത നേതാക്കൾ പങ്കെടുത്തായിരുന്നു പ്രചരണം. തുടർന്ന് വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി. മതസാമുദായിക നേതാക്കളെയും സന്ദർശിച്ച് അനുഗ്രഹം തേടി.
ഡി.എം.കെ ഭീഷണിയാകുമോ ?
മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും നിരന്തരം ആക്രമിക്കുന്നതിനിടെ കോൺഗ്രസിലെ പ്രമുഖ നേതാവായ എൻ.കെ. സുധീറിനെ ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കി അൻവറിന്റെ ഡി.എം.കെ രംഗത്ത്. ഇരുമുന്നണികൾക്കും ഇത് ഭീഷണിയാകുമെന്നാണ് സൂചന. 2009ൽ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ സുധീർ അന്ന് സി.പി.എമ്മിലെ പി.കെ. ബിജുവിനോട് 20,960 വോട്ടിനാണ് പരാജയപ്പെട്ടത്. ഇന്നലെ അൻവർ മണ്ഡലത്തിൽ എത്തിയിരുന്നു. കഴിഞ്ഞ തവണ 39,400 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എൽ.ഡി.എഫിന് ഉണ്ടായിരുന്നത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അയ്യായിരത്തിലേക്ക് താഴ്ന്നതാണ് എൽ.ഡി.എഫിന്റെ ആശങ്ക. ഇതിനിടെ കോൺഗ്രസിൽ നിന്ന് ഒരാൾ മത്സരരംഗത്തെത്തിയത് എൽ.ഡി.എഫ് ക്യാമ്പിൽ ആഹ്ലാദം പകരുന്നുണ്ട്.