h

ഗുരുവായൂർ: സരിനെ സ്ഥാനാർത്ഥിയാക്കുന്ന സി.പി.എമ്മിനോട് ലജ്ജ തോന്നുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ. ഇന്നലെ വരെ സി.പി.എമ്മിനെ കൊത്തിവലിച്ച നാവാണ് സരിന്റേത്. ആ നാവെടുത്ത് വായിൽ വയ്ക്കാൻ സി.പി.എമ്മിന് സാധിക്കുമെങ്കിൽ സി.പി.എമ്മിന് എന്ത് വൃത്തികേടും കാണിക്കാനാകുമെന്നാണ് അർത്ഥം.

പോകുന്നവർ പോകട്ടെ. ആരെയും പിടിച്ചുകെട്ടി നിറുത്താൻ പറ്റില്ല.

സരിൻ പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. ആ കാര്യം ഞങ്ങൾ സരിനെ അറിയിച്ചിട്ടുണ്ട്. സരിന്റെ വാർത്താസമ്മേളനത്തിൽ പാർട്ടി വിരുദ്ധതയുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കും. വിട്ടുപോകുന്ന ആൾക്കെതിരെ നടപടിയെടുത്തിട്ടും കാര്യമില്ലല്ലോ. പാർട്ടിതലത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും. എൻ.കെ.സുധീർ ആടി ഉലഞ്ഞ് നിൽക്കുന്ന ആളാണ്. സുധീറിൽ ഞങ്ങൾക്ക് പ്രതീക്ഷയുമില്ല. സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കാതെ വരുമ്പോൾ ആരെങ്കിലും കൊടുക്കുന്ന ഓഫർ സ്വീകരിച്ച് പുറത്തുപോകും. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ്, ഏതെങ്കിലും വ്യക്തികളുടേതല്ല. രാഹുലിന് സ്ഥാനാർത്ഥിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും സുധാകരൻ പറഞ്ഞു.