
കൊടുങ്ങല്ലൂർ: സംസ്ഥാനത്തെ 20 താലൂക്കുകളിലെ കാർഷിക വികസന ബാങ്കുകളിൽ നിന്നുള്ള വൈസ് പ്രസിഡന്റുമാർ കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്കിന്റെ പ്രവർത്തനം പഠിക്കാൻ കൊടുങ്ങല്ലൂരിലെത്തി. സംസ്ഥാന കാർഷിക വികസന ബാങ്കിന്റെ എറണാകുളം ട്രെയ്‌നിംഗ് സെന്ററിലെ ഫാക്കൽറ്റി പി.എ.മാർക്കോസിന്റെ നേതൃത്വത്തിലാണ് സംഘമെത്തിയത്.
കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്കിന്റെ കീഴിലുള്ള ഫാർമേഴ്‌സ് ക്ലബ്ബുകളുടെ പ്രവർത്തനത്തെ കുറിച്ചും എൽ.ഇ.ഡി.പി പരിശീലന പദ്ധതി, കാർഷിക വിപണന മേള ഉൾപ്പെടെ ബാങ്കിന്റെ വിപുലമായ പ്രവർത്തനങ്ങളെ കുറിച്ച് പ്രതിനിധികൾക്ക് ഏറെ പ്രതീക്ഷയും മതിപ്പുമുളവായി. സംസ്ഥാനത്ത് ലാഭകരമായി പ്രവർത്തിക്കുന്ന കാർഷിക ബാങ്കുകളിലൊന്നായ കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്കിന്റെ കുടിശ്ശിക നിവാരണ പ്രവർത്തനങ്ങളെ കുറിച്ച് സംഘം സസൂക്ഷ്മം വിലയിരുത്തി. ബാങ്ക് പ്രസിഡന്റ് ടി.എം.നാസറിന്റെ നേതൃത്വത്തിൽ പ്രതിനിധി സംഘത്തെ സ്വീകരിച്ചു. ഭരണസമിതി അംഗങ്ങളായ സി.ജി.ചെന്താമരാക്ഷൻ, വക്കച്ചൻ അംബൂക്കൻ, സീനിയർ സൂപ്പർവൈസർ പി.ഡി.ദിനീഷ് എന്നിവർ ബാങ്കിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു.