വടക്കാഞ്ചേരി: ഒല്ലൂർ-വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പീച്ചി വാഴാനി ടൂറിസം ഇടനാഴി നിർമ്മാണം പുരോഗമിക്കുമ്പോൾ ദുരിത്തിലായി ജനം. തെക്കുംകര കരുമത്ര ആരോഗ്യ മാതാ ദേവാലയം മുതൽ മാടക്കത്തറ പഞ്ചായത്തിലെ പൊങ്ങണം കാട്‌സെന്റർ വരെയുള്ള പാതയാണ് ഇപ്പോൾ വീതി കൂട്ടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മാസങ്ങളോളമായി റോഡ് പൊളിച്ചിട്ട നിലയിലാണ്.
കരുമത്ര- വാഴാനി റോഡ് മുതൽ പുന്നംപറമ്പ് സെന്റർ വരെ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ തെക്കുംകര വഴി വളഞ്ഞു പോകേണ്ട സ്ഥിതിയാണ്. ബസുകൾക്ക് സമയത്ത് ഓടിയെത്താൻ കഴിയുന്നില്ലെന്നും ഇന്ധനച്ചെലവ് കൂടുതലാണെന്നും ഡ്രൈവർമാർ പറയുന്നു. അപകടങ്ങളും വർദ്ധിച്ച് വരുകയാണെന്ന് യാത്രക്കാർ പറയുന്നു. ഇരുചക്ര വാഹനങ്ങളാണ് നിരന്തരം അപകടത്തിൽപെടുന്നതെന്നും എത്രയുംവേഗം നിർമ്മാണം പൂർത്തിയാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.


പാലവും പൊളിച്ചു നീക്കി


പ്രധാന സെന്ററുകളിലൊന്നായ പുന്നംപറമ്പ് സെന്ററിന് മാറ്റംവന്നുകഴിഞ്ഞു. പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ച്മാറ്റി. നിലവിൽ പുന്നംപറമ്പ് സെന്ററിലെ വാഴാനി കനാലിന് കുറുകെയുള്ള പാലവും പൊളിച്ചു നീക്കി. 1954 ൽ നിർമ്മിച്ചതാണ് പാലം. വർഷങ്ങൾക്ക് മുമ്പ് വീതി കൂട്ടിയതൊഴിച്ചാൽ പാലത്തിന് ഒരു മാറ്റവും വരുത്തിയിരുന്നില്ല. നിലവിൽ 10 മീറ്റർ വീതിയുള്ള പാലം 17 മീറ്ററായാണ് പുനർ നിർമ്മിക്കുന്നത്.

നാടിന്റെ മുഖച്ഛായ മാറുന്നു

ദേശീയ പാത 544 ലെ മുടിക്കോട് നിന്നാരംഭിച്ച് വടക്കാഞ്ചേരി വാഴാനി റോഡിലെ കരുമത്ര സെന്ററിൽ അവസാനിക്കുന്ന 18.65 കി.മീറോഡ് വീതികൂട്ടി ഉന്നത നിലവാരത്തിൽ നവീകരിക്കുന്ന പദ്ധതിയാണ് പീച്ചി വാഴാനി ടൂറിസം ഇടനാഴി. രണ്ട് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ മാടക്കത്തറ പഞ്ചായത്തിലെ പൊങ്ങണംകാട് മുതൽ കരുമത്ര സെന്റർ വരെയുള്ള 11.65 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. 58.8 കോടി രൂപയാണ് പദ്ധതിയ്ക്ക് സാങ്കേതികാനുമതിയുള്ളത്.