 
തൃശൂർ: മൂന്ന് വർഷമായി തരിശു കിടന്ന ആറേക്കറോളം ഭൂമിയിൽ നെൽക്കൃഷി തുടങ്ങിയിരിക്കുകയാണ് മാടക്കത്തറ കച്ചിത്തോട് അരീക്കര വീട്ടിൽ ഷീല സുരേന്ദ്രൻ. ചിറക്കെക്കോട് മേഖലയിലാണ് പഞ്ചായത്തിന്റേത് ഉൾപ്പെടെ മികച്ച വനിതാ കർഷകയ്ക്കുള്ള അവാർഡ് ലഭിച്ച ഷീലയുടെ നേതൃത്വത്തിൽ പാട്ടക്കൃഷി.
ചെറുപ്പം മുതൽ കൃഷിയോട് താത്പര്യമുള്ള ഈ വീട്ടമ്മയുടെ നേതൃത്വത്തിൽ സംഘക്കൃഷിയും സജീവമാണ്. ഷീജ മണി, സുജാത അനിൽകുമാർ, ഓമന ബേബി, ലത രാജു എന്നിവരാണ് സംഘാംഗങ്ങൾ. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ, കൃഷി ഓഫീസർ ജിൻസി, കുടുംബശ്രീയിലെ അജിത അജയൻ, മീര സുജിനൻ തുടങ്ങിയവരുടെ പിന്തുണയുമുണ്ട്. രണ്ടേക്കറിൽ വീതം വാഴയും പടവലവുമുണ്ട്. ഇതിനു പുറമെയാണ് ആറേക്കറിൽ നെൽക്കൃഷി. നേരത്തെ ഏഴേക്കറിൽ പാവൽ കൃഷി ചെയ്തിരുന്നു. ഇത്തവണ പാവൽ കൃഷി ചെയ്തില്ല. വാഴയിൽ കൂടുതൽ വിളവും വരുമാനനവും തരുന്ന ചെങ്ങാലിക്കോടനാണ് കൃഷി ചെയ്യുന്നത്. ഡ്രൈവറായിരുന്ന ഭർത്താവ് സുരേന്ദ്രനും മക്കളായ അമലും അഖിലും ഷീലയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
മഞ്ഞൾക്കൃഷിയിലൂടെയാണ് ഷീല കൃഷിയിലിറങ്ങിയത്. അത് വിജയിച്ചതോടെയാണ് കൃഷി വ്യാപിപ്പിച്ചത്. പുലർച്ചെ മൂന്നു മണിക്ക് എഴുന്നേറ്റ് വീട്ടുജോലികൾ കഴിഞ്ഞ് പാടത്തിറങ്ങും. തീർത്ഥം എന്ന് പേരിട്ടിരിക്കുന്ന സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് പ്രചോദനം നൽകി വിജയത്തിലേക്ക് നയിക്കുന്നതും ഷീലയാണ്.
ചെറുപ്പം മുതൽ കൃഷിയോട് വലിയ താത്പര്യമാണ്. എല്ലാവരും കൃഷിയിടത്തിൽ പണിയെടുക്കുന്നതിനാൽ ലാഭകരമാണ്.
- ഷീല