മാള: തൃശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ കലോത്സവം അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്‌കൂളിൽ 24 മുതൽ 26 വരെ നടക്കും. ചാലക്കുടി, കൊടുങ്ങല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, കയ്പമംഗലം നിയോജക മണ്ഡലങ്ങളിലെ 40 സ്‌കൂളുകളിൽ നിന്നായി 2500 വിദ്യാർത്ഥികൾ പങ്കെടുക്കും. 25 ഓളം സ്റ്റേജുകളിലായാണ് മത്സരങ്ങൾ. 24ന് രാവിലെ 8.30ന് മുഖ്യരക്ഷാധികാരി ഡോ. രാജു ഡേവിസ് പെരേപ്പാടൻ പതാക ഉയർത്തും. ഉച്ചയ്ക്ക് രണ്ടിന് ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം നിർവഹിക്കും. സ്‌കൂൾ മാനേജർ ഫാ. ജോസഫ് ജോൺ അദ്ധ്യക്ഷനാകും. ബിലീവേഴ്‌സ് ചർച്ച് കേരള മഹാ ഇടവക സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് മുഖ്യാതിഥിയാകും. 26ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്യും. മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സ്‌കൂൾ സെക്രട്ടറി ഫാദർ സാമുവൽ മാത്യു എന്നിവർ മുഖ്യാതിഥികളാകും. ഓവറാൾ വിജയികൾക്ക് ആറടി ഉയരമുള്ള ഡേവീസ് പെരേപ്പാടൻ എവർറോളിംഗ് ട്രോഫി ഡോ.രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂളാണ് നൽകുന്നത്.