way
1

കൊടുങ്ങല്ലൂർ : ദേശീയപാത 66 വികസന പ്രവർത്തനങ്ങളുടെ ഭാഗമായി സി.ഐ ഓഫീസ് സിഗ്നലിൽ റോഡ് അടയ്ക്കാനുള്ള നീക്കത്തിനെതിരെ കൊടുങ്ങല്ലൂരിൽ 25ന് ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെ കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശങ്ങളിലാണ് ഹർത്താൽ നടത്തുക. പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകൾ അനുവദിക്കും. എലിവേറ്റഡ് ഹൈവേ കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് വിവിധ രാഷ്ട്രീയ പാർട്ടികളും വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനകളും പിന്തുണ നൽകും.
സി.ഐ ഓഫീസ് സിഗ്നൽ റോഡ് അടയ്ക്കുന്നതോടെ നഗരവാസികൾക്കുണ്ടാകാവുന്ന ദുരിതത്തെ സംബന്ധിച്ച് കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയപാത അതോറിറ്റിയും കരാറുകാരനും പ്രദേശിക ഭരണകൂടവുമായി ആലോചിക്കാതെ ഏർപ്പെടുത്തുന്ന ഗതാഗത ക്രമീകരണം മൂലം നഗരത്തിൽ ഗതാഗതക്കുരുക്കും അപകടങ്ങളും ഏറിവരികയാണ്. അഞ്ച് മാസത്തിനിടെ അഞ്ച് പേരാണ് ഇവിടെയുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത്. നിർമ്മാണക്കമ്പനികളുടെ അശാസ്ത്രീയമായ നടപടി മൂലം ഭാവിയിൽ പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

നഗരത്തിലെത്താൻ പെടാപ്പാടാകും
നിലവിൽ 200 മീറ്റർ സഞ്ചരിച്ചാൽ നഗരത്തിൽ എത്താമെന്നിരിക്കെ സി.ഐ ഓഫീസ് സിഗ്നൽ റോഡ് കൂടി അടയ്ക്കുന്നതോടെ 700 മീറ്റർ വടക്കുള്ള ഫ്‌ളൈഓവർ കടന്ന് രണ്ട് വശത്തേക്കും കൂടി മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമെ എത്താനാകൂ. സി.ഐ ഓഫീസ് സിഗ്നൽ റോഡ് ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന് 13 വർഷം മുമ്പ് തന്നെ കർമ്മസമിതി ആവശ്യപ്പെട്ടിരുന്നതാണ്. ആ ആവശ്യം അധികൃതർ തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. ക്രോസ് റോഡ് പോലും ഇല്ലാത്ത രീതിയിലാണ് ഇപ്പോൾ നിർമ്മാണം നടന്നുവരുന്നതെന്ന് എലിവേറ്റഡ് ഹൈവേ കർമ്മ സമിതി ചൂണ്ടിക്കാട്ടുന്നു.

സ്ഥലം എം.പി മുതൽ നഗരസഭാ കൗൺസിലർമാർ വരെയുള്ള ജനപ്രതിനിധികൾ അപേക്ഷിച്ചിട്ടും മുഖം തിരിച്ചു നിൽക്കുന്ന ദേശീയപാത അതോറിറ്റി ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
- അഡ്വ. കെ.കെ. അൻസാർ
(ജനറൽ കൺവീനർ, എലിവേറ്റഡ് ഹൈവേ കർമ്മ സമിതി)