ചാലക്കുടി: ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡന്റിന് എതിരെ ഭരണപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോറം തികയാത്തതിനാൽ ചർച്ചയ്‌ക്കെടുത്തില്ല. അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പുവച്ചവർ ഉൾപ്പെടെ കോൺഗ്രസിലെ എട്ടുപേരും യോഗത്തിൽ ഹാജരാകാത്തതിനെ തുടർന്ന് യോഗം പിരിച്ചുവിട്ടതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്.ഷിബു പ്രഖ്യാപിച്ചു. എൽ.ഡി.എഫിലെ നാലുപേർ യോഗത്തിനെത്തി. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയശേഷം ഡി.സി.സി പ്രസിഡന്റ് പ്രശ്‌നത്തിൽ ഇടപെടുകയും യോഗത്തിൽ പങ്കെടുക്കരുതെന്ന് അംഗങ്ങൾക്ക് വിപ്പ് നൽകുകയും ചെയ്തിരുന്നു. ഇവർ ആവശ്യപ്പെട്ട വൈസ് പ്രസിഡന്റ് ലീന ഡേവിസിന്റെ രാജി ഒരാഴ്ചയ്ക്കകം പരിഗണിക്കാമെന്ന് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ ഉറപ്പ് നൽകിയിരുന്നു. മുരിങ്ങൂർ ഡിവിഷൻ അംഗം വനജ ദിവാകരനെ അവസാനത്തെ ഒന്നരവർഷം വൈസ് പ്രസിഡന്റാക്കാമെന്ന് ഉണ്ടാക്കിയിരുന്ന ധാരണ നിലവിലെ വൈസ് പ്രസിഡന്റ് ലീന ഡേവിസ് അംഗീകരിച്ചില്ലെന്നാണ് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ ഉൾപ്പെടെ കോൺഗ്രസ് അംഗങ്ങൾ പറയുന്നത്. സ്വന്തം പാർട്ടിക്കാർ പരസ്പരം പോരടിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ നാളിതുവരെ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ബീന രവീന്ദ്രൻ പറഞ്ഞു. ഭരണപക്ഷക്കാർ തന്നെ സ്വന്തം പാർട്ടി നേതാവിനെതിരെ അവിശ്വാസം കൊണ്ടുവന്നത് വിചിത്ര സംഭവമെന്ന് ബീന രവീന്ദ്രൻ പറഞ്ഞു. ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററും വനിതാ ഹോസ്റ്റലും അടഞ്ഞുകിടക്കുകയാണെന്നും എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ കുറ്റപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറ പ്രവർത്തിപ്പിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.