ചാലക്കുടി: ഐ ഗ്രൂപ്പിന് ക്ഷീണം സംഭവിക്കുന്നതിനിടെ ചാലക്കുടി കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ അപ്രതീക്ഷിത മാറ്റം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം, കുറ്റിക്കാട് ഫാർമേഴ്‌സ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് എന്നിവയിൽ സംഭവിച്ച അടിയൊഴുക്കുകളാണ് കളം മാറ്റത്തിന് കാരണമത്രെ.
നഗരസഭാ മുൻ ചെയർമാനും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ വി.ഒ. പൈലപ്പനും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനും വി.ഡി. സതീശന്റെ അടുപ്പക്കാരനുമായ പി.കെ. ജേക്കബ്ബും തമ്മിൽ കഴിഞ്ഞ ദിവസം രഹസ്യചർച്ച നടത്തിയെന്നാണ് വിവരം. വൈസ് പ്രസിഡന്റ് സ്ഥാനം ലീന ഡേവിസ് രാജിവച്ചാൽ ഐ ഗ്രൂപ്പിന് ബ്ലോക്ക് പഞ്ചായത്തിൽ സ്വാധീനം നഷ്ടമാകും.
പകരക്കാരിയാകുന്ന വനജ ദിവാകരൻ എ ഗ്രൂപ്പ് പ്രതിനിധിയാണ്. പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.വി. ആന്റണി എന്നിവരും എ ഗ്രൂപ്പുകാർ തന്നെ. പിന്നീട് ഐ ഗ്രൂപ്പിന് പി.കെ. ജേക്കബ്ബിന്റെ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. അതിനാൽ ലീന ഡേവിസിനെതിരെയുള്ള നീക്കം വേണ്ടെന്നാണ് രഹസ്യ യോഗത്തിലെ തീരുമാനമെന്ന് അറിയുന്നു.
മനംമാറ്റത്തിൽ കളംമാറ്റി ജേക്കബ്
എ ഗ്രൂപ്പുകാരായ എം.പിയും എം.എൽ.എയും ലീന ഡേവിസിനെ മാറ്റുനുള്ള നീക്കത്തിൽ രഹസ്യമായി പ്രവർത്തിച്ചെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന രഹസ്യയോഗം വിലയിരുത്തിയത്. കുറ്റിക്കാട് ബാങ്ക് തിരഞ്ഞെടുപ്പിൽ പി.കെ. ജേക്കബ്ബ് നിർദ്ദേശിച്ചവരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കിയ ഐ ഗ്രൂപ്പുകാരൻ തന്നെയായ നഗരസഭാ ചെയർമാൻ എബി ജോർജിന്റെ തന്ത്രവും പുതിയ സമവാക്യങ്ങൾക്ക് കളമൊരുക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനിൽ സ്വാധീനം ചെലുത്തി, പരിയാരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്ന ബെന്നി വെണ്ണാട്ടുപറമ്പിൽ, എബി പക്ഷത്തേക്ക് മാറിയതും പി.കെ. ജേക്കബ്ബിനെ മനം മാറ്റത്തിന് പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് തന്റെ എബി ജോർജിനെതിരെയുള്ള നീക്കത്തിൽ പൈലപ്പൻ പുതിയ കൂട്ടുകെട്ടിന് ചുക്കാൻ പിടിച്ചതത്രെ. ഇതോടെ കുറ്റിക്കാട് ബാങ്ക് തിരഞ്ഞെടുപ്പ് കോൺഗ്രസിനെ ത്രിശങ്കുവിലാക്കിയേക്കും.