
ചെറുതുരുത്തി : പൊലീസ് സ്റ്റേഷനിലെ അടിസ്ഥാന സൗകര്യക്കുറവിനെക്കുറിച്ച് കേരള കൗമുദി ആരംഭിച്ച 'കരുതൽ വേണം കാക്കിക്ക്' എന്ന വിഷയത്തിൽ പ്രതികരിച്ച് പൊതുജനം. കഞ്ചാവ് മയക്കുമരുന്ന് മാഫിയ സജീവമാകുമ്പോൾ അതിനെ തടയാനോ ഇടപെടാനോ കഴിയുന്ന തരത്തിൽ അംഗബലം പോലുമില്ലാത്ത അവസ്ഥയിലാണ് പൊലീസ് സ്റ്റേഷൻ. ഉദ്യോഗസ്ഥർക്ക് ഒന്ന് വിശ്രമിക്കാനോ, വസ്ത്രം മാറാനോ കഴിയാത്ത രീതിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും അലട്ടുന്നുണ്ട്. അതേസമയം സ്റ്റേഷനിലുള്ളവർ ജനങ്ങളോട് നല്ല രീതിയിൽ ഇടപെടണമെന്നും ബീറ്റും ജനമൈത്രി പൊലീസ് സംവിധാനങ്ങളും സജീവമാക്കണമെന്നും വള്ളത്തോൾ നഗർ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.ഗിരീഷ് ആവശ്യപ്പെട്ടു. പഴയ ക്വാർട്ടേഴ്‌സിൽ അടക്കം തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്താലേ സ്ഥല സൗകര്യമുണ്ടാകൂ. ഇവിടെ പുതിയ കെട്ടിടവും വേണം. പല ഭാഗങ്ങളിലായി 1700 ഓളം വാഹനങ്ങൾ കേസ് തീർപ്പാക്കാതെ കിടക്കുന്നത് മൂലം വഴിയാത്രക്കാർക്കും ശല്യമാണ്. ഈ വണ്ടികളെല്ലാം മാറ്റുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര സാഹചര്യത്തിൽ സ്റ്റേഷനിലേക്ക് വിളിച്ചാൽ അടിയന്തര ഘട്ടം കഴിഞ്ഞ ശേഷമാണ് പൊലീസ് എത്താറുള്ളൂ. പൊലീസുകാരില്ലാത്തതും വാഹനങ്ങളില്ലാത്തതുമാണ് കാരണം. സ്ത്രീകളും കുട്ടികളും എന്തെങ്കിലും പരാതി പറയാനെത്തുമ്പോൾ പലപ്പോഴും ഒരു ആൾക്കൂട്ടം തന്നെ അവിടെയുണ്ടാകും. സ്വകാര്യത ഇല്ലാത്ത അവസ്ഥയാണ്. അവർക്കായി പ്രത്യേക മുറി അനുവദിക്കണം. ആവശ്യത്തിന് വനിതാ പൊലീസുകാരുടെ സേവനവും വേണം
മായ ഉദയൻ
ജില്ലാ സെക്രട്ടറി
മഹിളാ കോൺഗ്രസ്
മറ്റ് പൊലീസ് സ്റ്റേഷനുകൾ ജനകീയ സ്റ്റേഷൻ എന്ന കാഴ്ചപ്പാടിലേക്ക് നീങ്ങുമ്പോൾ ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തയാണ് ഇവിടെയുള്ളത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പൊലീസ് സ്റ്റേഷൻ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇന്റർനെറ്റ്, ക്യാമറ സൗകര്യം, സൈബർ വിംഗ്, വനിതാ സെൽ, ചിൽഡ്രൻസ് സെൽ എന്നിവയ്ക്ക് ആവശ്യമായ സൗകര്യമൊരുക്കണം
വി.സി.ഷാജി
ജില്ലാ പ്രസിഡന്റ്
എസ്.സി മോർച്ച
സ്റ്റേഷനിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണം. പരാതി നൽകാനെത്തുന്ന സാധാരണക്കാർക്ക് മണിക്കൂറുകളോളം സ്റ്റേഷനിൽ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. സ്റ്റേഷന്റെ മുന്നിലെ പിടിച്ചെടുത്ത വാഹനങ്ങൾ അടിയന്തരമായി എടുത്തുമാറ്റാൻ നടപടിയുണ്ടാകണം.
പി.ആർ.രാജ് കുമാർ
മണ്ഡലം പ്രസിഡന്റ്
ബി.ജെ.പി