sn
1

തൃപ്രയാർ : ബീറ്റ് റൂട്ട് അപ്പം, മസാലപ്പുട്ട്, മുട്ടപ്പുട്ട്, തക്കാളി ദോശ, മഞ്ഞിനിലത്തോരൻ... !പത്തല്ല, നൂറല്ല, നാനൂറിൽപരം വിഭവങ്ങൾ. ദേശീയ ഭക്ഷ്യ ദിനാചരണത്തോട് അനുബന്ധിച്ച് നാട്ടിക ശ്രീനാരായണ കോളജിലെ ബോട്ടണി വിഭാഗവും ഫുഡ് ടെക്‌നോളജി വിഭാഗവും നാട്ടിക എസ്.എൻ കോളേജിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയാണ് വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് ശ്രദ്ധേയമായത്. പൗരാണികവും അന്യം നിന്നുപോയി ട്ടുള്ളതുമായ ഭക്ഷണങ്ങളെ അടുത്തറിയുവാനും രുചിച്ചു നോക്കാനും പുതു തലമുറയ്ക്ക് അവസരമൊരുക്കാൻ ഉദ്ദേശിച്ചുള്ളതുമായിരുന്നു ഭക്ഷ്യമേള. വിഭവങ്ങളുടെ വിൽപ്പനയും നടന്നു.
പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. ടി.എൻ. സരസു, ആർ.ഡി.സി കൺവീനർ പി.കെ. പ്രസന്നൻ, ആർ.ഡി.സി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് എന്നിവർ വിശിഷ്ടാതിഥികളായി. സുവോളജി, ബോട്ടണി ഡിപ്പാർട്ടുമെന്റുകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാത്തമറ്റിക്‌സ് രണ്ടാം സ്ഥാനവും സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ടുമെന്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമ്മാനർഹർക്ക് ബോട്ടണി വിഭാഗം മുൻ മേധാവി ഡോ. കെ.എൻ. രമേഷ് ഏർപ്പെടുത്തിയ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ബോട്ടണി വിഭാഗം മേധാവി ഡോ. അനിത, ബി വോക് ഡിപാർട്ടുമെന്റ് അദ്ധ്യാപകരായ കൃഷ്ണഘോഷ്, കെ.എസ്. അനുപമ, എവിലിൻ സജിത്ത്, സ്റ്റുഡന്റ് വളണ്ടിയേഴ്‌സായ സി.കെ. മുർഷിദ് , അസർ യാസിർ എന്നിവർ പങ്കെടുത്തു.