എരുമപ്പെട്ടി: വേലൂർ, കടങ്ങോട്, വരവൂർ, എരുമപ്പെട്ടി തുടങ്ങിയ പഞ്ചായത്തുകളും വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളും ഉൾപ്പെടുന്ന എരുമപ്പെട്ടി സ്റ്റേഷനിൽ 32 ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിക്കുള്ളത്. ഒരു എ.എസ്.ഐ. ഉൾപ്പെടെ മൂന്ന് വനിതാ ഉദ്യോഗസ്ഥരും. ജനകീയാസൂത്രണത്തിലൂടെ പതിനാല് വർഷം മുമ്പാണ് പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചത്.

സംസ്ഥാന പാതയോട് ചേർന്ന് നിൽക്കുന്ന എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെ പ്രധാന തലവേദനയാണ് പിടിച്ചെടുത്ത വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം കണ്ടെത്തുകയെന്നത്. വാഹനങ്ങളുടെ നീണ്ട നിരയാണ് സ്റ്റേഷന് മുമ്പിൽ. കേസുകളിൽപെടുന്ന വാഹനങ്ങൾ കോടതി നടപടി പൂർത്തിയാക്കി ഉടമകൾ കൊണ്ടുപോകാത്തതാണ് പെരുകാൻ കാരണം. കാൽനടയാത്ര പോലും ദുഷ്‌കരമായതോടെ പ്രദേശത്തെ ജനങ്ങൾ വിവിധ വകുപ്പുകളിൽ ഇതിനോടകം പരാതി നൽകി. കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എരുമപ്പെട്ടി സ്‌കൂളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് ഈ വഴി യാത്ര ചെയ്യുന്നത്. സ്റ്റേഷൻ പരിധിയിൽ 900 കേസാണ് ഒരു വർഷം റിപ്പോർട്ട് ചെയ്യുന്നത്. ഭൂരിഭാഗം കേസിലും പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടമകളിൽ പലരും സ്റ്റേഷനിൽ ഉപേക്ഷിച്ച അവസ്ഥയിലാണ്.

വിശ്രമിക്കാനും ഇടമില്ല

പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമിച്ചിരുന്ന പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഇടിഞ്ഞുവീണതോടെ ഷീറ്റ് മേഞ്ഞ മേൽക്കൂരയിലാണ് ഉദ്യോഗസ്ഥരുടെ വിശ്രമം. മൂന്ന് വനിതാ ഉദ്യോഗസ്ഥർക്ക് ചെറിയ ഒരു മുറിയാണ് അനുവദിച്ചിരിക്കുന്നത്. കെട്ടിടം പണിയാൻ ഫണ്ട് അനുവദിച്ചെങ്കിലും മൂന്നു വർഷമായിട്ടും പണി പൂർത്തിയായിട്ടില്ല. മഴയും ചൂടും തരണം ചെയ്ത് ദുരിതം അനുഭവിച്ചാണ് ഉദ്യോഗസ്ഥരുടെ വിശ്രമം.