news-photo-

ഗുരുവായൂർ: കാർഷികമേഖലയെ വൻകിട കുത്തകകൾക്ക് അടിയറ വച്ചതോടെ കാർഷികമേഖലയ്ക്ക് തകർച്ച സംഭവിച്ചെന്ന് കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി. ഗുരുവായൂരിൽ അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ദുരിതത്തിൽ കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാടിനെയും അദ്ദേഹം വിമർശിച്ചു. കൃഷി മേഖലയെ അഭിവൃദ്ധിപ്പെടുത്താനായി കിസാൻ സഭ പോലെയുള്ള സംഘടനകളിലൂടെ സംഘടിതമായ ഇടപെടലും ശക്തമായ പ്രക്ഷോഭസമരങ്ങളും അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ.രാജേന്ദ്രബാബു അദ്ധ്യക്ഷനായി. കിസാൻ സഭ സംസ്ഥാന സെക്രട്ടറി വി.ചാമുണ്ണി, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, സി.എൻ.ജയദേവൻ, ഗീതാഗോപി, അഡ്വ.പി.മുഹമ്മദ് ബഷീർ, സി.വി.ശ്രീനിവാസൻ, പി.ടി.പ്രവീൺ പ്രസാദ് എന്നിവർ സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ കാർഷികമേഖലയും' എന്ന വിഷയത്തിൽ സെമിനാർ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി.മൊയ്തീൻ എം.എൽ.എ, സി.എൻ.ജയദേവൻ, കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ.എം.ദിനകരൻ എന്നിവർ സംസാരിച്ചു.