c

മാള : ഊർദ്ധശ്വാസം വലിച്ചും പ്രതിസന്ധിയിൽ അടച്ചുപൂട്ടലിന് ഒരുങ്ങിയും മരമില്ലുകൾ. മാള മേഖലയിൽ 12 ഓളം മരമില്ലുകൾ ഉണ്ടായിരുന്നതിൽ
ഇന്ന് പകുതിയോളമായി. വീട് നിർമ്മാണത്തിന് പൂർണമായും മരങ്ങളുപയോഗിച്ചിരുന്ന കാലത്ത് നിന്ന് ട്രീറ്റഡ് വുഡുകൾ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് മരമില്ലുകൾക്ക് ശനിദശ ആരംഭിച്ചത്.

മരം ഉപയോഗിച്ചുള്ള ഫർണീച്ചറുകൾക്കും വാതിലുകൾക്കും ചെലവേറിയതും പരമാവധി മരത്തിന്റെ ഉപയോഗം കുറച്ചതുമെല്ലാം മരമില്ലുകളുടെ പ്രതിസന്ധിക്ക് കാരണമായി. സാമ്പത്തിക മേഖലയിലുണ്ടായ നോട്ട് നിരോധനം, ജി.എസ്.ടി, പ്രളയം, കൊവിഡ് സാമ്പത്തിക ഞെരുക്കം മുതൽ നിർമ്മാണ മേഖലയിലെ സ്തംഭനം വരെയെല്ലാം സാഹചര്യങ്ങൾ പ്രതികൂലമാക്കി.

ഇതോടെ മില്ല് തൊഴിലാളികൾ തന്നെ വാടകയ്ക്ക് എടുത്ത് സ്വയം പണിയെടുത്തെങ്കിലും പിടിച്ചുനിൽക്കാനായില്ല. വാർക്കപ്പണിയുടെ മുട്ടുകൾ, പലകകൾ എല്ലാം സ്റ്റീലിലേക്കും ജാക്കിയിലേക്കും മാറിയതും വിനയായി. വീട് പണിയിൽ ആദ്യം കട്ടിളയും പിന്നെ വാതിലും ജനലും മരം ഒഴിവാക്കി സ്റ്റീലിലേക്ക് മറ്റും മാറി. ഫർണീച്ചർ നിർമ്മാണത്തിനും മരം ഉപയോഗിക്കാതെയായി. കിച്ചൻ കബോർഡ് ഉണ്ടാക്കാൻ വരെ ട്രീറ്റഡ് വുഡ് ഉപയോഗിക്കാൻ തുടങ്ങി. ഓട് മേയലും ഇരുമ്പ് ഫ്രേമിന് വഴിമാറി. ഇതോടെ മരം ആർക്കും വേണ്ടാതായി. വൈദ്യുതിയുടെ ഫിക്‌സഡ് ചാർജ് വർദ്ധനവും മറ്റ് സർക്കാർ ഫീസും കൂടി. വനംവകുപ്പിന്റെ ലൈസൻസ് കിട്ടാൻ ഡി.എഫ്.ഒ ഓഫീസുകളിൽ പലപ്രാവശ്യവും കയറി ഇറങ്ങേണ്ട സ്ഥിതിയുമുണ്ടായി.

ഇറക്കുമതി നിയന്ത്രണവും വിന

വിദേശമരങ്ങളായ പിൻകോഡ, ബർമ്മ തേക്ക് തുടങ്ങിയ ധാരാളം മരങ്ങൾ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ നിന്നും വന്നിരുന്നു. ഇതിൽ ഡിമാൻഡുണ്ടായിരുന്നത് പിൻകോഡയ്ക്കാണ്. എന്നാൽ ഏഴ് വർഷമായി പിൻകോഡ് കയറ്റുമതി ആ രാജ്യങ്ങൾ നിറുത്തി. അതോടെ ആ വിപണിയും നിലച്ചു.

മരവ്യവസായത്തെ രക്ഷിക്കാൻ സർക്കാർ ഉടൻ ഇടപെടണം


ഇഖ്ബാൽ
പ്രസിഡന്റ്
സോ മിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്‌സ് അസോ.