വടക്കാഞ്ചേരി: അകമല പട്ടാണികാട് ഉൾപ്പെടെ വടക്കാഞ്ചേരി മേഖലയിലെ കാട്ടാനയെ തുരത്താൻ ജനങ്ങളെ അണിനിരത്തി പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ്. റാപ്പിഡ് റെസ് പോൺസ് ടീം (ആർ.ആർ.ടി) പ്രവർത്തനം ഊർജിതമാക്കുമെന്നും ഡിവിഷ്ണൽ ഫോറസ്റ്റ് ഓഫീസർ ( ഡി.എഫ്.ഒ) രവികുമാർമീണ അറിയിച്ചു. നഗരസഭാ തലത്തിൽ ജനജാഗ്രതാസമിതി രൂപീകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തും. കാട്ടാനയിറങ്ങുന്ന മേഖലയിലൂടെ റെയിൽവേപാത കടന്നപോകുന്നതിനാൽ സെൻസിറ്റീവ് സ്ട്രച്ചസ് ഓൺ എക്‌സിസ്റ്റിംഗ് റെയിൽവേ ലൈൻസ് ഫോർ ദ കൺസ്ട്രക്ഷൻ ഓഫ് പെർമനന്റ് മിറ്റിഗേഷന്റെ ഭാഗമായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും പ്രൊജക്റ്റ്് എലഫന്റ് സയന്റിസ്റ്റ് ഡോ.ലക്ഷ്മി നാരായണനും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പ്രതിരോധ പദ്ധതി തയ്യാറാക്കി സമർപ്പിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ. എയോടൊപ്പം ഡി.എഫ്.ഒ അകമലമേഖലയിൽ സന്ദർശനം നടത്തി. കാട്ടാന കഴിഞ്ഞ ദിവസം നാശം വിതച്ച പൂക്കുന്നത്ത് ബാബു, മണികണ്ഠൻ, കെ.പി.മദനൻ എന്നിവരുടെ വീടുകൾ സംഘം സന്ദർശിച്ചു. ഡി.എഫ്. ഒ.രവികുമാർ മീണ, റെയ്ഞ്ച് ഓഫീസർ അശോക് രാജ്, കെ.യു.പ്രദീപ്,എ.ഡി.അജി,കെ. എ.ഫിറോസ്,എൻ.കെ.പ്രമോദ് കുമാർ, പി.മോഹൻദാസ്,എം.ജെ. ബിനോയ്,കെ.പി.മദനൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


ആശങ്കയകറ്റാൻ കുറ്റമറ്റ നടപടി വേണം:എം.എൽ.എ

വടക്കാഞ്ചേരി അകമലയിൽ ജനവാസമേഖലകളിൽ നിരന്തരം കാട്ടാന ഇറങ്ങുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ഭീതി അകറ്റാൻ കുറ്റമറ്റപ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കണം. സോളാർ ഫെൻസിംഗ്, റെയിൽവേയുടെ പ്രത്യേക പ്രതിരോധ പദ്ധതി, ആർ.ആർ.ടി പ്രതിരോധം, ജനജാഗ്രതാ സമിതി പ്രവർത്തനം എന്നിവ നടപ്പിലാക്കണം. രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തി സോളാർ ഫെൻസിംഗ് പദ്ധതി ടെൻഡർ ഘട്ടത്തിലാണ്. ആർ.ആർ.ടിക്ക് ഒരു ഗെറ്റ് എവേ ക്യാമ്പർ വാഹനം പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണം മേഖലയിൽ ഉണ്ടാകണം.

- സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ