 
തൃശൂർ: ജില്ലാ സ്‌കൂൾ അത്‌ലറ്റിക് മീറ്റിന് 21ന് തുടക്കമാകും. ട്രാക്കിലും ഫീൽഡിലും 96 ഇനങ്ങളിലായി 2100 താരങ്ങൾ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി കുന്നംകുളം ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ സീനിയർ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. 12 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളെത്തും. ഇത്തവണ ഭിന്നശേഷി കുട്ടികളെക്കൂടി പങ്കെടുപ്പിച്ചാണ് മീറ്റ്. നവംബർ ആദ്യ ആഴ്ച എറണാകുളത്താണ് സംസ്ഥാന സ്‌കൂൾ കായികമേള.
സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നിങ്ങനെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ മത്സരങ്ങളുണ്ടാകും. ദിവസവും രാവിലെ 8.30ന് മത്സരങ്ങൾ ആരംഭിക്കും. എല്ലാ വിഭാഗം ഹാമർത്രോ മത്സരങ്ങളും സെന്റ് ജോൺസ് ബഥനി കോൺവെന്റ് എച്ച്.എസ്.എസിലാണ്. ക്രോസ് കൺട്രി മത്സരങ്ങൾ 22ന് രാവിലെ പന്നിത്തടത്ത് നിന്ന് തുടങ്ങും. ആദ്യ ദിനം 42 ഇനങ്ങളുടെ ഫൈനലുകളുണ്ട്. സമാപന ദിനമായ 23ന് അദ്ധ്യാപകരുടെ മത്സരങ്ങളുമുണ്ടാകുമെന്ന് തൃശൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ.കെ. അജിതകുമാരി, കെ.കെ. മജീദ്, ജേക്കബ് ജെ. ആലപ്പാട്ട് എന്നിവർ അറിയിച്ചു.
രണ്ടാം തവണയും
രാജ്യാന്തര മത്സരങ്ങൾ ഉൾപ്പെടെ നടത്താവുന്ന കുന്നംകുളത്തെ സിന്തറ്റിക് ട്രാക്കിൽ ജില്ലാ സ്കൂൾ അത്‌ലറ്റിക്സ് എത്തുന്നത് ഇത് തുടർച്ചയായ രണ്ടാംതവണ. എട്ട് ലൈനുകളുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്കാണ് സ്റ്റേഡിയത്തിലുള്ളത്. സമീപമുള്ള ബധിര സ്‌കൂളിന്റെ ഭക്ഷണശാലയിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. അടിയന്തര സഹായത്തിനായി മെഡിക്കൽ സംഘവും ആംബുലൻസ് സൗകര്യങ്ങളുമുണ്ടാകും.
ആദ്യമായി ഭിന്നശേഷിക്കാരും
ജില്ലാ സ്കൂൾ അത്‌ലറ്റിക്‌സ് ആദ്യമായാണ് ഭിന്നശേഷി കുട്ടികളും പങ്കെടുക്കുന്നത്. ഭിന്നശേഷിക്കാരുടെ 100 മീറ്റർ മത്സരത്തോടെയാണ് മീറ്റ് ആരംഭിക്കുക. ലോംഗ് ജംപ് മത്സരങ്ങളുമുണ്ടാകും. കാഴ്ച പരിമിതിയുള്ള കുട്ടികൾ മത്സരിക്കും. 14 വയസ്സിനു താഴെയുള്ളവരും മുകളിലുള്ളവരുമുണ്ടാകും.