
കൊടുങ്ങല്ലൂർ: മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ആറ് തീരദേശ ഡിവിഷൻ മെമ്പർമാരുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തനത് തീരദേശ പദ്ധതിയായ തീരസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീനാരായണപുരം പഞ്ചായത്തിന്റെ മുഴുവൻ കടൽത്തീരങ്ങളും ശുചീകരിച്ചു. നാല് വാർഡിലെ തീരപ്രദേശങ്ങളാണ് ശുചീകരിച്ചത്. കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകർമ്മ സേന, നാഷണൽ സർവീസ് സ്‌കീം, സ്‌കൗട്ട് ആൻഡ് ഗൈഡ്, കടലോര ജാഗ്രതാ സമിതി, യുവജന ക്ലബ്ബുകൾ, വാർഡ് വികസന സമിതികൾ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണം. ഇവിടങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. തുടർന്ന് ബീച്ചുകൾ സൗന്ദര്യവത്കരിച്ച് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും.
ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാർങ്ധരൻ അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് മെമ്പർ കെ.എസ്.ജയ മുഖ്യാതിഥിയായി. തീരസുരക്ഷ ജനറൽ കോ ഓഡിനേറ്റർ ആർ.കെ.ബേബി, ബ്ലോക്ക് മെമ്പർ ഹഫ്‌സ ഒഫൂർ, ആമിന, ശ്യാമിലി , വിദ്യ, നിയത, രാജീവ് ഭഗിലാൽ, നസീമ, സന, അഷ്‌റഫ് പൂവത്തിങ്കൽ, മിനി പ്രദീപ്, രേഷ്മ എന്നിവർ സംസാരിച്ചു.