ayur
ആയുർ പ്ലാവിന് സമീപം വർഗീസ് തരകൻ

തൃശൂർ: ചക്കയുണ്ടെങ്കിൽ നൂറുകൂട്ടം കറി എന്നാണ് ചൊല്ല്. എന്നാൽ,​ സാമ്പത്തികവിഷയത്തിൽ ചക്കയെ ആരും ഗൗനിക്കാറുമില്ല. വേലൂർ കുറുമാൽകുന്നിലെ വർഗീസ് തരകനാകട്ടെ സർക്കാർ ജോലി വേണ്ടെന്നു വച്ചാണ് പ്ലാവ് കൃഷിയിൽ ജീവിതം ഉറപ്പിച്ചത്. ഇപ്പോൾ മാസവരുമാനം ഒന്നര ലക്ഷം. കഴിഞ്ഞമാസം ചക്ക വിറ്റു കിട്ടിയത് 1.6 ലക്ഷം രൂപ.

ഏജൻസികൾ വഴി ആഴ്ചതോറും വിദേശത്തേക്ക് ഓരോ ലോഡ് ചക്ക കയറ്റി അയയ്ക്കും. സ്വന്തമായി ബഡ് ചെയ്ത് നട്ടുവളർത്തിയുണ്ടാക്കിയ 'ആയുർ' ബ്രാൻഡ് ചക്ക യു.എ.ഇ, കുവൈറ്റ്, ബഹ്‌റിൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലും ഹിറ്റ്. വരിക്ക, പഴംപ്ലാവ് എന്നിവയിൽ അഞ്ചേക്കറിൽ 65 ചക്കയിനങ്ങളുണ്ട്. സംസ്ഥാനത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ പ്ലാവ് കൃഷി തുടങ്ങിയതിന്റെ പെരുമയും വർഗീസ് തരകനാണ്.

'ആയുർ' ബ്രാൻഡ് ഇനം നട്ടുവളർത്തി രണ്ടു കൊല്ലത്തിനുള്ളിൽ കായ്ക്കാൻ തുടങ്ങും. മഴക്കാലത്ത് ഉൾപ്പെടെ രണ്ടുതവണയായി വർഷത്തിൽ ഒമ്പത് മാസം കായ്ക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ വ‌ർഷംമുഴുവൻ കായ്ഫലമുണ്ടാവും. പഴുക്കാൻ നാല് മാസമെടുക്കും. പതിമൂന്നര ഏക്കറിൽ പ്ലാവുകൾക്കൊപ്പം റംബൂട്ടാൻ, അവക്കാഡോ, മാവിന്റെ 17 ഇനങ്ങൾ എന്നിവയുമുണ്ട്. കൃഷിഭൂമി തട്ടു തിരിച്ച് ജലസംരക്ഷണം നടത്തിയതിന് ഉൾപ്പെടെ യു.എൻ, സംസ്ഥാന അവാർഡ് ലഭിച്ചു. വിദേശ സർവകലാശാലകളിലെ വിദഗ്ദ്ധരെത്തി ജലസംരക്ഷണത്തെപ്പറ്റി പഠിച്ച് പ്രബന്ധം തയ്യാറാക്കിയിട്ടുണ്ട്. വാട്ടർ മാനേജ്‌മെന്റ് പഠിപ്പിക്കുന്ന ഐ.ഐ.ടികളിൽ ഇത് പഠനവിഷയമാണ്. ആട്ടിൻകാഷ്ടവും ചാണകപ്പൊടിയും ഉൾപ്പെടെയുള്ള ജൈവവളമാണ് പ്രയോഗിക്കുന്നത്.

70 കിലോ തൂക്കം വരെ

ഓട്ടോമൊബൈൽ ഡിപ്ലോമ കഴിഞ്ഞ വർഗീസ് തരകൻ റബർ തോട്ടം വെട്ടിത്തെളിച്ചാണ് 2008ൽ ചക്കക്കൃഷി തുടങ്ങിയത്. കൃഷി പച്ചപിടിച്ചപ്പോഴാണ് സർക്കാർ ജോലി വേണ്ടെന്നു വച്ചത്. 20 ദിവസത്തോളം കേടാകാതിരിക്കുന്നതും 70 കിലോ വരെ തൂക്കമുള്ളതും മഴക്കാലത്തും രുചി നഷ്ടപ്പെടാത്തതുമായ ഇനങ്ങളാണ് ഇവിടത്തെ സവിശേഷത. ഫാമിലെത്തുന്നവർക്ക് ചക്കപ്പഴത്തിന്റെ രുചിയറിഞ്ഞും തൈ ബഡ് ചെയ്തുണ്ടാക്കുന്നത് കണ്ടും വാങ്ങാം. നടുന്ന രീതിയും പഠിപ്പിക്കും. 99 രൂപ മുതലാണ് വില. ഭാര്യ അഡ്വ.സന്ധ്യ വർഗീസ്. മക്കൾ: വർഷ (പ്‌ളസ് ടു), വരുൺ (എട്ടാം ക്‌ളാസ്).